കൊച്ചി: അങ്കണവാടിയില്‍ നിന്ന് അമ്മ കൂട്ടിക്കൊണ്ടുപോയ മൂന്നു വയസ്സുകാരി കല്യാണിയുടെ മൃതദേഹം കണ്ടെത്തി. മൂഴിക്കുളം പാലത്തിന്റെ മൂന്നാമത്തെ കാലിന്റെ പരിസരത്ത് മണലില്‍ പതിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ചെവ്വാഴ്ച പുലർച്ചെ യു കെ സ്‌കൂബ ടീം ആണ് മൃതദേഹം കണ്ടെത്തിയത്.
മറ്റക്കുഴി കീഴ്പിള്ളില്‍ സുഭാഷിന്റെ മകള്‍ കല്യാണിയെ തിങ്കളാഴ്ച വൈകീട്ടാണ് കാണാതായത്. വ 3.30- ഓടെ പണിക്കരുപടിയിലുള്ള അങ്കണവാടിയില്‍ നിന്ന് അമ്മ കല്യാണിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അമ്മയില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മൂഴിക്കുളം മേഖലയില്‍ കുഞ്ഞിനായി രാത്രി വൈകിയും തിരച്ചില്‍ നടത്തുകയായിരുന്നു.
അമ്മ കുഞ്ഞുമായി മൂഴിക്കുളത്തിനടുത്ത് ബസ് ഇറങ്ങിയതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. കുട്ടിയുടെ അമ്മയ്ക്ക് ചില മാനസിക പ്രശ്‌നങ്ങൾ ഉള്ളതായി പറയുന്നു. പരസ്പരവിരുദ്ധമായാണ് ആദ്യം പോലീസിന്റെ ചോദ്യങ്ങള്‍ക്ക് ഇവർ മറുപടി നല്‍കിയത്. മൂഴിക്കുളം പാലത്തിനു സമീപം കുഞ്ഞിനെ ഉപേക്ഷിച്ചെന്നായിരുന്നു ഇവര്‍ നൽകിയ മൊഴി. തുടർന്ന് അഗ്‌നിരക്ഷാസേനയും പ്രദേശവാസികളും പാലത്തിന് സമീപവും പുഴയിലും തിരച്ചില്‍ നടത്തിയിരുന്നു.
കുഞ്ഞിനെയും കൂട്ടി അമ്മ മടങ്ങിയെത്താൻ വൈകിയപ്പോഴാണ് വീട്ടുകാര്‍ അന്വേഷണം തുടങ്ങിയത്. ഏഴു മണിയോടെ അമ്മ ഓട്ടോറിക്ഷയില്‍ കുറുമശ്ശേരിയിലെ സ്വന്തം വീട്ടിലെത്തി. പക്ഷെ, കൂടെ കുട്ടിയുണ്ടായിരുന്നില്ല. ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലാണ് ഇപ്പോൾ കുട്ടിയുടെ അമ്മ. അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തേക്കും. കുഞ്ഞിന്റെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.