കൽപറ്റ: സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ കനവ് ബേബി എന്ന കെ.ജെ ബേബി അന്തരിച്ചു കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്കായി തുടങ്ങിയ ബദൽ വിദ്യാഭ്യാസ കേന്ദ്രമാണ് ബേബിക്ക് ദേശീയ തലത്തിൽ ശ്രദ്ധ നേടിക്കൊടുത്തത്. 70 വയസ്സ് ആയിരുന്നു. വയനാട് നടവയൽ ചീങ്ങോട്ടെ വീടിനോട് ചേർന്നുള്ള കളരിയിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ് കെ ജെ ബേബി. പിന്നാക്കവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയിരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നാടുഗദ്ദിക എന്ന അദ്ദേഹത്തിന്റെ നാടകം പ്രശസ്തമാണ.
നാട് എൻ വീട് എൻ വയനാട് എന്ന ഈ പാട്ട് കേൾക്കാത്തവരുണ്ടാകില്ല. കനവിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള കുട്ടികൾക്കൊപ്പം ബേബി നാടാകെ പാടിയ പാട്ടാണിത്. കേരളത്തിൽ ഇത്തരമൊരു സമാന്തര വിദ്യാഭ്യാസ പ്രസ്ഥാനം ആദ്യമായിട്ടായിരുന്നു. കാടിന്റെ മക്കൾക്ക് ക്ലാസുമുറികളിലെ അടിച്ചേൽപ്പിച്ച അച്ചടക്കമല്ല വേണ്ടത് എന്ന ബോധ്യമാണ് ബേബിയെയും ഭാര്യയെയും കനവെന്ന ബദൽ വിദ്യാഭ്യാസസ്ഥാനത്തിലേക്ക് നയിച്ചത്
കണ്ണൂരിലെ മാവിലായിയിൽ 1954 ഫെബ്രുവരി 27നാണ് ബേബിയുടെ ജനനം. 1973-ൽ കുടുംബം വയനാട്ടിൽ കുടിയേറി. 1994 ലാണ് കനവ് എന്ന ബദൽ സ്കൂൾ തുടങ്ങിയത്. മാവേലി മൻറം എന്ന നോവലിന് ആണ് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്.
നർമ്മദാ ബചാവോ സമരസമിതിയുടെ കൂടെ മഹാരാഷ്ട്രയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രവർത്തിച്ച ബേബിയെ അവസാനകാലത്ത് വിഷാദവും രോഗങ്ങളും അലട്ടിയിരുന്നു. കനവ് എന്ന സ്ഥാപനം തന്റെ ശിഷ്യർക്ക് കൈമാറി നീണ്ട യാത്രകളിലായിരുന്നു ബേബി.