ചെന്നൈ: തമിഴ്നാട്ടിലെ മുതിർന്ന ബി.ജെ.പി നേതാവ് എച്ച് രാജയ്ക്ക് ആറ് മാസം തടവും പിഴയും വിധിച്ച് കോടതി. ഡി.എം.കെ നേതാവ് കനിമൊഴിയെ അപമാനിച്ച് സംസാരിച്ച കേസിലും പെരിയാർ പ്രതിമ തകർക്കണമെന്ന് പറഞ്ഞ കേസിലുമാണ് രാജയ്ക്ക് കോടതി ശിക്ഷവിധിച്ചത്.
എം.പി.മാരും എം.എൽ.എ മാരുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് ഇരു കേസുകളിലുമായി ആറ് മാസം തടവും പിഴയും വിധിച്ചത്. 2018-ലെ സംഭവത്തിൽ ഡി.എം.കെ.യും തന്തയ്പെരിയാർ ദ്രാവിഡാർ കഴകം (ടി.പി.ഡി.കെ) യും നൽകിയ പരാതിയിൽ ഈറോഡ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
കനിമൊഴിയെ അപമാനിച്ചു സംസാരിച്ചുവെന്നതിന്റെ പേരിൽ 2000 രൂപയും പെരിയാർ പ്രതിമ സംബന്ധിച്ച പരാമർശത്തിൽ 3000 രൂപയുമാണ് പിഴ. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ട് തവണ രാജ കോടതിയിൽ ഹർജി നൽകിയിരുന്നുവെങ്കിലും അത് തള്ളുകയായിരുന്നു.