ആലപ്പുഴ: വള്ളംകളി ഇവർക്കൊരു വിനോദമല്ല, വികാരമാണ്. അതുകൊണ്ട് തന്നെ അണുവിട വിട്ടുകൊടുക്കാൻ അവർ തയ്യാറല്ലായിരുന്നു. നാല് വർഷം അണിഞ്ഞു നടന്ന കിരീടം കളഞ്ഞാൽ കരക്കാരോട് എന്ത് ഉത്തരം പറയും?- പിന്നെ, ഇടംവലം തിരിയാതെ താളത്തിനൊപ്പിച്ച് പുന്നമടയെ സാക്ഷിയാക്കി കാരിച്ചാൽ ചുണ്ടൻ്റെ അമരത്തിരുന്ന് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബംഗങ്ങൾ അത്യാവേശത്തോടെ തുഴയെറിയുകയായിരുന്നു – അഞ്ചാം വർഷവും നെഹ്റു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ കാരിച്ചാൽ ചുണ്ടന് സ്വന്തം! ഫോട്ടോ ഫിനിഷിൽ കാരിച്ചാൽ വിയപുരം ചുണ്ടനെ മറികടന്നെത്തുമ്പോൾ പുന്നമടയിലെ കുഞ്ഞോളങ്ങൾ പോലും ആവേശകൊടുമുടിയിലായിരുന്നു.
ഉച്ചയ്ക്ക് രണ്ടേ കാലിന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തിയതോടെയാണ് 70 -ാം മത് നെഹ്റു ട്രോഫി വള്ളം കളിക്ക് ഔദ്യോഗിക തുടക്കമായത്. ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎൽ) നടത്താനാണ് സർക്കാർ ആലോചിക്കുന്നതെന്നും അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

(Photo Courtesy: Pallathuruthi Boat Club/facebook )
19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. രാവിലെ പതിനൊന്നു മണിക്കാരംഭിച്ച ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരത്തിന് ശേഷം വൈകിട്ട് 3.30 നാണ് ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ആരംഭിച്ചത്. വൈകിട്ടായിരുന്നു പുന്നമടയെ പ്രകമ്പനം കൊള്ളിച്ച ജലരാജക്കന്മാരെ കണ്ടെത്താനുള്ള ഫൈനൽ മത്സരം. അഞ്ച് ഹീറ്റ്സ് മത്സരങ്ങളിലായി 19ചുണ്ടൻ വള്ളങ്ങളാണ് മാറ്റുരച്ചത്. ഹീറ്റ്സ് മത്സരത്തില്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഫിനിഷ് ചെയ്ത നാലു ടീമുകളാണ് ഫൈനലിന് യോഗ്യത നേടിയത്. കാരിച്ചാൽ, വിയപുരം, നിരണം, നടുഭാഗം എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിനെ ആവേശോജ്വലമാക്കിയത്.
ഹീറ്റ്സ് ഒന്നിൽ പായിപ്പാടൻ നമ്പര്‍ 2, ആലപ്പാടൻ, ആയാപ്പറമ്പ്, ആനാരി എന്നീ ചുണ്ടൻ വള്ളങ്ങളാണ് മത്സരിച്ചു. രണ്ടാം ഹീറ്റ്സിൽ ശ്രീവിനായകൻ, ചമ്പക്കുളം, സെന്‍റ് ജോര്‍ജ്, ജവഹര്‍ തായങ്കരി എന്നീ ചുണ്ടൻ വള്ളങ്ങളും മത്സരിച്ചു. ഹീറ്റ്സ് മൂന്നിൽ ചെറുതന, തലവടി, സെന്‍റ് പയസ് ടെന്‍ത്, പായിപ്പാടൻ ചുണ്ടനുകളും ഹീറ്റ്സ് നാലിൽ നിരണം, വിയപുരം, നടുഭാഗം, കരുവാറ്റ ചുണ്ടനുകളും ഹീറ്റ്സ് അഞ്ചിൽ വലിയ ദിവാൻജി, മേല്‍പ്പാടം, കാരിച്ചാല്‍ ചുണ്ടനുകളും മത്സരിച്ചു.
ഓഗസ്റ്റ് 10ന് നടക്കേണ്ട നെഹ്റു ട്രോഫി വള്ളംകളി മത്സരം വയനാട് ദുരന്തത്തെ തുടർന്ന് മാറ്റിവെച്ചതായിരുന്നു. ഒന്നര മാസത്തോളം വൈകി നടത്തിയത് വള്ളംകളി മത്സരമാണ് ഇന്ന് നടന്നത്. ഓഗസ്റ്റ് 10ന് നടക്കേണ്ട വള്ളംകളിയാണ് ഒന്നര മാസത്തോളം വൈകിയെത്തിയതെങ്കിലും മത്സരത്തിൻ്റെ മാറ്റ് അൽപ്പം പോലും കുറഞ്ഞില്ലെന്നതിന് തെളിവാണ് വിദേശത്തുനിന്നും സംസ്ഥാനത്തിൻ്റെ പുറത്തുനിന്നും എത്തിയ നിരവധിയായ വള്ളംകളികമ്പക്കാരുടെ നിറസാന്നിദ്ധ്യം.