കൊച്ചി : വിദേശജോലി വാഗ്ദാനം ചെയ്ത് കോടികള്‍ കവർന്ന കേസില്‍ അറസ്റ്റിലായ ടേക്ക് ഓഫ് ഓവർസീസ് എജ്യുക്കേഷനൽ കൺസൽട്ടൻസി ഉടമ കാർത്തിക പ്രദീപിന് ഡോക്ടർ ലൈസൻസ് ഇല്ലെന്ന് പോലീസ്. പ്രതി യുക്രെയ്നിൽ പഠനം നടത്തിയെങ്കിലും എംബിബിഎസ് കോഴ്സ് പൂർത്തിയാക്കിയതിന്റെയോ കേരളത്തിൽ രജിസ്ട്രേഷനെടുത്തതായോ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു
പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. മൊഴികളുടെ നിജസ്ഥിതി പരിശോധിച്ച് തുടർനടപടികൾ ഉണ്ടാകുമെന്നും പോലീസ്. കസ്റ്റഡി കാലാവധി പൂർത്തിയാക്കിയതോടെ കാർത്തികയെ ശനിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ തെളിവുകൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഇവരെ വീണ്ടും കസ്‌റ്റഡിയിലെടുക്കുമെന്നാണു സൂചന.
തൃശൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് ആണ് കാർത്തിക പ്രദീപിനെ അറസ്റ്റ് ചെയ്തത്. അഞ്ച് ലക്ഷത്തിലേറെ രൂപയാണ് കാര്‍ത്തിക തൃശൂർ സ്വദേശിനിയിൽ നിന്ന് വാങ്ങിയത്. ടേക്ക് ഓഫ് കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ കാര്‍ത്തിക കൊച്ചിയിലൊരു റിക്രൂട്ട്‌മെന്റ് സ്ഥാപനം നടത്തിയിരുന്നു. യുകെ,ഓസ്‌ട്രേലിയ,ജര്‍മ്മനി ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു വൻതട്ടിപ്പ് നടത്തിയിരുന്നത്.