തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കെ. രാധാകൃഷ്ണൻ എംപിക്ക് സമൻസ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദ്ദേശം. ഇന്നലെ ഹാജരാവനാണ് സമൻസിൽ നിർദ്ദേശമെങ്കിലും അദ്ദേഹം ഡൽഹിയിൽ ആയിരുന്നതിനാൽ സമൻസ് കൈപ്പറ്റിയിരുന്നില്ല
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് നടന്ന ഘട്ടത്തിൽ തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്നു കെ രാധാകൃഷ്ണൻ. ഇഡി സമന്‍സ് ലഭിച്ചതായി എംപിയുടെ ഓഫീസ് സ്ഥിരീകരിച്ചു. കേസില്‍ അവസാന ഘട്ട കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് കെ രാധാകൃഷ്ണനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമന്‍സ് അയച്ചത്.
ആദ്യ ഘട്ട കുറ്റപത്രം ഇഡി സമര്‍പ്പിച്ചിരുന്നു. നോട്ടീസ് വന്നതായി പിഎ അറിയിച്ചതായി കെ രാധാകൃഷ്ണന്‍ പറഞ്ഞു. വ്യാഴാഴ്ചയാണ് സമന്‍സ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സമന്‍സ് വിശദമായി പരിശോധിച്ച ശേഷം കൂടുതല്‍ പ്രതികരണം നടത്താമെന്ന് രാധാകൃഷ്ണൻ പറഞ്ഞു. അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി പൊളിറ്റിക്കൽ ക്ലിയറൻസിനായി ഇഡി കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. ചില നേതാക്കളെ ചോദ്യം ചെയ്യാനുണ്ടെന്നും തൃശൂരിലെ രണ്ട് പ്രമുഖ നേതാക്കളെ അടക്കം പ്രതി പട്ടികയിലേക്ക് കൊണ്ടുവരുന്നതിനുമാണ് ഇഡി കേന്ദ്രത്തെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് കെ രാധാകൃഷ്ണന് സമൻസ് അയച്ചത്.