ബെംഗളൂരു: ഇരുമ്പയിർ അനധികൃതമായി കടത്തിയതുമായി ബന്ധപ്പെട്ട ബെലെകേരി തുറമുഖ കേസിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെ സിബിഐ അറസ്റ്റ് ചെയ്തു. 11, 312 മെട്രിക് ടൺ ഇരുമ്പയിരാണ് കടത്തിയത്. കേസിൽ കുറ്റക്കാരനാണെന്ന് ബെംഗളൂരുവിലെ പ്രത്യേക കോടതി വിധിച്ചതിന് പിന്നാലെ വ്യാഴാഴ്ച വൈകുന്നേരമാണ് സതീഷ് സെയിലിനെ സിബിഐ അറസ്റ്റ് ചെയ്തത്. തുടർന്ന് എംഎൽഎയെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി.
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജ്ജുന് വേണ്ടിയുള്ള തിരച്ചിലിന് സജീവമായി ഇടപെടൽ നടത്തിയതിൽ മലയാളികൾക്കും സുപരിചിതനാണ് സതീഷ് സെയിൽ .
സെയിലിനെയും മറ്റ് രണ്ട് പ്രതികളെയും ഉടൻ കസ്റ്റഡിയിൽ എടുക്കാനും ശിക്ഷ പ്രഖ്യാപിക്കുന്ന ഒക്ടോബർ 25ന് ഉച്ചയ്ക്ക് 12.30 ന് കോടതിയിൽ ഹാജരാക്കാനുമാണ് പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് സന്തോഷ് ഗജാനൻ ഭട്ട് ഉത്തരവിട്ടത്.