കോട്ടയം : ഇപി ജയരാജൻ്റെ ആത്മകഥയാണെന്ന് പറയപ്പെടുന്ന ‘കട്ടൻ ചായയും പരിപ്പ് വടയും’ ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്ന് പോലീസ്. ഇപിയുടെ പരാതിയിൽ കോട്ടയം എസ് പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്ന കണ്ടെത്തിയത്. ഡിസി ബുക്സിൻ്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായിരുന്ന എ വി ശ്രീകുമാർ ആത്മകഥാഭാഗങ്ങൾ ചോർത്തിയെന്നാണ് പോലീസ് ഡിജിപിക്ക് നൽകിയ റിപ്പോർട്ട്.
ഇ പി ജയരാജനും ഡിസി ബുക്സും തമ്മിൽ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ രേഖാമൂലമുള്ള കരാർ കണ്ടെത്താനായില്ലെന്നും പൊലീസ് പറയുന്നു. ചോർന്നത് ഡിസിയിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തുമ്പോഴും ഈ കഥാഭാഗങ്ങൾ എങ്ങനെ ഡിസിയിലെത്തി എന്നതിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നു. കരാറില്ലാതെ ഇപിയുമായി വാക്കാലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ആത്മകഥ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചെന്നായിരുന്നു ഡിസി ബുക്സ് സംഭവം വിവാദമായപ്പോൾ പറഞ്ഞിരുന്നത്.
ഡിസി ബുക്സിൽ നിന്നാണ് പുസ്തകത്തിലെ വിവരങ്ങൾ ചോർന്നതെന്ന് കോട്ടയം എസ്.പി പറയുമ്പോഴും തുടർ നടപടിയെക്കുറിച്ച് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ മിണ്ടാട്ടമില്ല. നിലവിൽ പകർപ്പവകാശ ലംഘനമെന്ന നിലക്ക് സിവിൽ കേസായാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നാണറിയുന്നത്. . അതേ സമയം, ഗൂഢാലോചന ഉണ്ടെന്നായിരുന്നു ഇപിയുടെ നിലപാട്. പക്ഷെ ഗൂഢാലോചനയിൽ കേസെടുക്കണമെങ്കിൽ പരാതിക്കാരനായ ഇപി കോടതിയെ സമീപിക്കണമെന്നാണ് പൊലീസ് ഭാഷ്യം. ആദ്യത്തെ അന്വേഷണ റിപ്പോർട്ടിൽ പൂർണ്ണതയില്ലാത്തതു കാരണം വീണ്ടും അന്വേഷിക്കാൻ ഡിജിപി ആവശ്യപ്പെട്ടതനുസരിച്ചാണ് കോട്ടയം എസ് പി യുടെ ഈ റിപ്പോർട്ട്. ഡിജിപിയാണ് റിപ്പോർട്ടിൽ തുടർനടപടി എടുക്കേണ്ടത്.
പാലക്കാട് – ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനമായിരുന്നു ഇപിയുടെ ആത്മകഥാ ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. വോട്ടെടുപ്പ് ദിനം പുറത്തു വന്ന ആത്മകഥാ വിവാദം ചൂട് പിടിച്ചപ്പോൾ ഇത് തൻ്റെ ആത്മകഥയല്ലെന്ന് പറഞ്ഞ് ഇപി തന്നെ രംഗത്ത് വന്നതോടെയാണ് വിവാദം തണുത്തതും കേസിലേക്ക് നയിച്ചതും.