ന്യൂഡൽഹി: യു.പിയിൽ കാവടി യാത്രാ കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന യു.പി സർക്കാറിന്‍റെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. കട ഉടമകളുടെ പേര് പ്രദർശിപ്പിക്കാൻ നിർബന്ധിക്കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കഴിഞ്ഞ 19 ന് പുറപ്പെടുവിച്ച വിവാദ ഉത്തരവ് മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണെന്ന് നിരീക്ഷിച്ച കോടതി, യുപി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സർക്കാറുകൾ നോട്ടീസ് അയച്ചു. കേസ് കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
.കാവടി യാത്ര കടന്നുപോകുന്ന പാതയിലെ റെസ്റ്റൊറന്‍റുകൾ, ഹോട്ടലുകൾ, പഴക്കടകൾ തുടങ്ങിയവയുടെ ഉടമകളുടെ പേരുകൾ കടക്കുമുന്നിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. ആദ്യഘട്ടത്തിൽ മുസഫർനഗർ പൊലീസ് പുറപ്പെടുവിച്ച ഉത്തരവ് പിന്നാലെ യു.പി സർക്കാർ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയായിരുന്നു
വിവാദ ഉത്തരവിനെതിരെ കടുത്ത പ്രതിഷേധം വിവിധയിടങ്ങളിൽ നിന്ന് ഉയർന്നിരുന്നു. മുസ്‍ളീംങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്നും ആക്ഷേപമുണ്ട. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവ്വകക്ഷി യോഗത്തിലടക്കം ശക്തമായ വിമർശനം ഉയർന്നിരുന്നു. തുടർന്ന് ഇന്ന്, യു.പി സർക്കാറിന്‍റെ വിവാദ ഉത്തരവ് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ ഹാരിസ് ബീരാൻ, പി. സന്തോഷ് കുമാർ എന്നിവർ നോട്ടീസ് നൽകിയിരുന്നു. ഇതിനിടയിലാണ് സുപ്രീംകോടതിയുടെ സ്റ്റേ വന്നത്.