ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ബിജെപിക്കു മുന്നിൽ പുതിയ വാഗ്ദാനവുമായി ഡൽഹി മുൻ മുഖ്യമന്ത്രി അരവിന് കേജ്രിവാൾ. ഡൽഹിയിലെ ചേരി പൊളിക്കലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കുകയും പുറത്താക്കപ്പെട്ടവര്‍ക്കെല്ലാം പുനരധിവാസം നല്‍കുകയും ചെയ്താൽ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ താന്‍ മത്സരിക്കില്ലെന്നാണു കേജ്‍രിവാളിന്റെ വാഗ്ദാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് മുന്നിലേക്കാണ് വെല്ലുവിളിയായി കേജ്‌രിവാൾ തൻ്റെ ആവശ്യം വെച്ചത്.
‘‘ചേരികളിലെ ജനങ്ങള്‍ക്കെതിരെ നിങ്ങള്‍ ഫയല്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കുക. ജനങ്ങളെ പുറത്താക്കിയ സ്ഥലത്തുതന്നെ എല്ലാവര്‍ക്കും വീടുകള്‍ നല്‍കുമെന്നു കോടതിയില്‍ സത്യവാങ്‌മൂലം നല്‍കുക. അങ്ങനെ ചെയ്താൽ ഞാന്‍ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ഈ വെല്ലുവിളി സ്വീകരിക്കാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. ഇല്ലെങ്കില്‍ ഞാൻ എവിടെയും പോകില്ല.’’– കേജ്‌രിവാൾ വ്യക്തമാക്കി.
ജയിച്ചാല്‍ ഡല്‍ഹിയിലെ ചേരികൾ പൊളിക്കാനാണു ബിജെപി ഉദ്ദേശിക്കുന്നതെന്നും കേജ്‌രിവാൾ ആരോപിച്ചു. ‘‘അവർക്ക് ആദ്യം നിങ്ങളുടെ വോട്ടും പിന്നീട് നിങ്ങളുടെ ഭൂമിയും വേണം. 5 വര്‍ഷത്തിനിടെ ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ ചേരിനിവാസികൾക്കായി 4,700 ഫ്ലാറ്റുകള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ. നഗരത്തിലെ ചേരികളിൽ കഴിയുന്ന 4 ലക്ഷം കുടുംബങ്ങള്‍ ദുരിതത്തിലാണ്. ഈ വേഗത്തിലാണെങ്കിൽ എല്ലാവര്‍ക്കും വീട് നല്‍കാന്‍ 1000 വര്‍ഷമെടുക്കും’’– ഷാക്കൂര്‍ ബസ്തിയിലെ പരിപാടിയിൽ കേജ്‍രിവാൾ പറഞ്ഞു.
കേജ്‌രിവാളിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി പ്രതികരിച്ചു. ‘‘പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള കേന്ദ്ര സര്‍ക്കാര് പദ്ധതികളും മറ്റു ചേരി പുനരധിവാസ പദ്ധതികളും ആം ആദ്മി സര്‍ക്കാര്‍ മനപ്പൂര്‍വം വൈകിക്കുകയാണ്. 2006 മുതൽ അനധികൃത ചേരികളെ നിയന്ത്രിക്കേണ്ടതു സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ്. പക്ഷേ അവർ സഹകരിച്ചില്ല. ഭരണപരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ തെറ്റായ അവകാശവാദങ്ങള്‍ പറയുകയാണ്.’’– ഹർദീപ് സിങ് പുരി വ്യക്തമാക്കി.