തിരുവനന്തപുരം : കോവിഡ് മരണങ്ങള്‍ രാജ്യത്ത് ഏറ്റവും കൃത്യതയോടെ കണക്കാക്കിയ സംസ്ഥാനം കേരളമാണെണ് വൈറ്റല്‍ രജിസ്‌ട്രേഷന്‍ സര്‍വ്വെ റിപ്പോര്‍ട്ട്. പത്രവാര്‍ത്ത കണ്ടപ്പോള്‍ തനിക്ക് കോവിഡ് കാലം ഓര്‍മ്മവന്നെന്നും കോവിഡ് മരണങ്ങള്‍ കേരളത്തില്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ല എന്നും സംവിധാനങ്ങള്‍ ആകെ പരാജയപ്പെട്ടുവെന്നും ചില കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചപ്പോൾ നേരിട്ട
ആരോപണങ്ങളെ കുറിച്ചും മന്ത്രി കുറിപ്പില്‍ വിവരിക്കുന്നുണ്ട്. കോവിഡ് കാലത്ത് സമൂഹത്തിലുണ്ടായ അധിക മരണങ്ങളുടെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇത് നേരിട്ടുള്ള അണുബാധ കാരണം മാത്രം ഉണ്ടായിട്ടുള്ളവയല്ലെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
വീണാ ജോർജിൻ്റെ ഫെയ്സ്ബുക്ക് കുറിപ്പിൻ്റെ പൂര്‍ണ്ണരൂപം
ആത്യന്തിക വിജയം സത്യത്തിനായിരിക്കും. കോവിഡ് മരണങ്ങള്‍ രാജ്യത്ത് ഏറ്റവും കൃത്യതയോടെ കണക്കാക്കിയ സംസ്ഥാനം കേരളമാണെണ് പുതുതായി പുറത്തുവന്ന വൈറ്റല്‍ രജിസ്‌ട്രേഷന്‍ സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഈ റിപ്പോര്‍ട്ട് കണ്ടപ്പോള്‍ ആ കാലം വീണ്ടും ഓര്‍മ്മ വന്നു. കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കം. ഒന്നാം തരംഗത്തെക്കാള്‍ വ്യാപന ശേഷിയും മരണനിരക്കും ഉള്ള ഡെല്‍റ്റ തരംഗം രാജ്യം മുഴുവന്‍ വ്യാപിച്ച സമയം. കോവിഡ് മരണങ്ങള്‍ കേരളത്തില്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ല എന്നും സംവിധാനങ്ങള്‍ ആകെ പരാജയപ്പെട്ടുവെന്നും ചില കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരണം നടത്തുന്ന ഘട്ടം. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം, അന്വേഷണത്തിന് കേന്ദ്ര സംഘം!
കോവിഡ് മരണവുമായി ബന്ധപ്പെട്ട് ഡബ്ല്യുഎച്ച്ഒ ഗൈഡ് ലൈന്‍ ഇറക്കിയിരുന്നു. കോവിഡ് ബാധ കണ്ടെത്തിയ ഒട്ടേറെ ആളുകള്‍ പ്രായാധിക്യം ഉള്ളവരും മറ്റ് അവശതകള്‍ ഉള്ളവരും ആയിരുന്നു. അവര്‍ മരണമടയുമ്പോള്‍ അത് കോവിഡ് കൊണ്ടുള്ള മരണമാണോ അതോ മറ്റ് രോഗങ്ങള്‍ കൊണ്ടുള്ളതാണോ എന്ന് ഡോക്ടര്‍മാര്‍ക്ക് പോലും പറയാന്‍ കഴിയാത്ത അവസ്ഥ. കോവിഡ് മരണങ്ങളുടെ സ്ഥിരീകരണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റ മാര്‍ഗരേഖ അന്ന് ഉണ്ടായിരുന്നില്ല. മരണപ്പെടുന്നവര്‍ കോവിഡ് മൂലമാകാന്‍ സാധ്യതയുണ്ടെങ്കില്‍ അവര്‍ ലിസ്റ്റില്‍ ഉണ്ടെന്നു ഉറപ്പു വരുത്തണം എന്നാണ് വൈകുന്നേരം ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ നിര്‍ദേശം.
മുഖ്യമന്ത്രിയുടെ ഉദ്ദേശം വളരെ വ്യക്തമായിരുന്നു. കോവിഡ് മരണങ്ങള്‍ കണക്കാക്കുന്ന സാങ്കേതികത്വത്തില്‍ കുരുങ്ങി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പോകരുത്. അതിനെ തുടര്‍ന്ന് കോവിഡ് മരണങ്ങള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കുക എന്ന വെല്ലുവിളി വകുപ്പ് ഏറ്റെടുത്തു നടപ്പിലാക്കി. രാജ്യത്തെ കോവിഡ് കേസുകള്‍ സംബന്ധിച്ച സുപ്രീം കോടതി വിധി പിന്നീട് അതിനെ സാധൂകരിച്ചു. Excess mortality സംബന്ധിച്ച ഒരു പഠനവും നാം നടത്തുകയുണ്ടായി. അതുകൊണ്ടുതന്നെ കോവിഡ് മഹാമാരി കാരണം പ്രത്യക്ഷമായോ പരോക്ഷമായോ ഉണ്ടായ മരണങ്ങള്‍ ഏതാണ്ട് എല്ലാം തന്നെ നമ്മുടെ പട്ടികയില്‍ ഇടംപിടിച്ചു.
കോവിഡ് കാലത്ത് സമൂഹത്തില്‍ ഉണ്ടായ അധിക മരണങ്ങളുടെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇത് നേരിട്ടുള്ള അണുബാധ കാരണം മാത്രം ഉണ്ടായിട്ടുള്ളവയല്ല. നേരിട്ട് അണുബാധകള്‍ കാരണം ഉണ്ടായ അധികമരണങ്ങള്‍ക്കപ്പുറം മഹാമാരി കെടുതികള്‍ കാരണം നമ്മുടെ സമൂഹം മരണങ്ങളെ അഭിമുഖീകരിച്ചിട്ടില്ല എന്ന സത്യത്തിനു കൂടി ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള തെളിവുകള്‍ അടിവരയിടുന്നു. അതായത് കേരളത്തിലെ സര്‍ക്കാര്‍ എങ്ങനെ ജനങ്ങളെ ചേര്‍ത്ത് പിടിച്ചു എന്നതിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ് ഈ റിപ്പോര്‍ട്ട്.