വയനാട്: കേരളം മുൻപൊരിക്കലും ഇത്തരത്തിൽ ഒരു ദുരന്തം അഭിമുഖീകരിച്ചിട്ടില്ലെന്നും വിഷയം ഡൽഹിയിൽ ശക്തമായി ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി. ഉരുൾപൊട്ടൽ സംഭവിച്ച വയനാട്ടിലെ മുണ്ടക്കൈ മേഖലയിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യങ്ങൾ എല്ലാം സംസാരിക്കുമെന്നും പ്രത്യേകം പരിഗണന നൽകേണ്ട സാഹചര്യമാണ് വയനാട്ടിൽ നിലവിലുള്ളതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ജില്ലാ അധികൃതരുമായി രാഹുൽ ചർച്ച നടത്തി. ഉരുൾപൊട്ടലിൽ വീട് നഷ്‌ടപ്പെട്ടവർക്ക് നൂറിലധികം വീടുകൾ കോൺഗ്രസ് നിർമ്മിച്ച് നൽകുമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.
“ഇത് വല്ലാത്തൊരു ദുരന്തമാണ്. ക്യാമ്പുകളില്‍ പോയി അവിടത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് അധികൃതരുമായി ചര്‍ച്ചയും നടത്തി. നാശനഷ്‌ടങ്ങളെയും പുനരധിവാസത്തെയും കുറിച്ച് അവര്‍ സംസാരിച്ചു. സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. നൂറിലധികം വീടുകള്‍ കോണ്‍ഗ്രസ് ഇവിടെ നിര്‍മിച്ചുനല്‍കും. കോണ്‍ഗ്രസ് കുടുംബം അതിന് പ്രതിജ്ഞാബദ്ധരാണ്.” – രാഹുൽ പറഞ്ഞു.