തിരുവനന്തപുരം : പ്രേക്ഷക പങ്കാളിത്തം കൊണ്ടും പ്രദർശിപ്പിക്കുന്ന സിനിമകളുടെ മികവുകൊണ്ടും കേരള രാജ്യാന്തര ചലച്ചിത്രമേള ലോകശ്രദ്ധ ആകർഷിക്കുന്നതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന 29-ാമത് ഐ എഫ് എഫ് കെയുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഐ എഫ് എഫ് കെയെ സംബന്ധിച്ച പ്രേക്ഷക പ്രതീക്ഷകൾ തെറ്റിക്കാത്ത വിധം മികച്ച പാക്കേജ് ഒരുക്കാൻ ഈ പതിപ്പിലും ചലച്ചിത്ര അക്കാദമിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകളിലൂടെ വൈവിധ്യപൂർണമായ ദൃശ്യാനുഭവമായിരിക്കും ഈ മേള സമ്മാനിക്കുന്നത്. അന്താരാഷ്ട്ര മൽസരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ ഏഴ് ചിത്രങ്ങളും പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിൽ 63 സിനിമകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻനിര മേളകളിൽ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവൽ ഫേവറിറ്റ്സ് മേളയുടെ മറ്റൊരു ആകർഷണമായിരിക്കും. ചലച്ചിത്രകലയിൽ ശതാബ്ദിയിലത്തെിയ അർമേനിയയിൽനിന്നുള്ള ഏഴ് ചിത്രങ്ങൾ കൺട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും.
സിനിമയിലെ സ്ത്രീ പ്രാതിനിധ്യത്തിന് പ്രാമുഖ്യം നൽകുന്ന മേളയാണിതെന്ന് മന്ത്രി പറഞ്ഞു. ഏഷ്യയിലെ വനിതാ സംവിധായകരിൽ പ്രമുഖയായ ആൻ ഹുയിയെയാണ് ഉദ്ഘാടനച്ചടങ്ങിൽ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം നൽകി ആദരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യൻ സംവിധായിക പായൽ കപാഡിയക്കാണ് ഈ ഫെസ്റ്റിവലിൻ്റെ സമാപനച്ചടങ്ങിൽ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് നൽകുന്നത്. ലോകത്തെ വനിതാ ഛായാഗ്രാഹകരിൽ പ്രമുഖയായ ആഗ്നസ് ഗൊദാർദാണ് ഇത്തവണ ജൂറി ചെയർപേഴ്‌സൺ. സിനിമയിൽ അൻപതു വർഷം പൂർത്തിയാക്കിയ ഇന്ത്യൻ സിനിമയുടെ അഭിമാനമായ ശബാന ആസ്മിയാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥിയെന്നും ഇത്തരത്തിൽ കഴിവുറ്റ വനിതകളെ മേളയിൽ അണിനിരത്താൻ അക്കാദമിക്ക് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
സാംസ്കാരിക വകുപ്പ് സിനിമയുടെ സാങ്കേതിക രംഗത്തെ സ്ത്രീസാന്നിധ്യം വർദ്ധി പ്പിക്കുന്നതിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി വരികയാണെന്ന് മന്ത്രി പറഞ്ഞു. മലയാള സിനിമയിലെ സാങ്കേതികരംഗത്ത് സ്ത്രീസാന്നിധ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആവിഷ്‌കരിച്ച തൊഴിൽ പരിശീലന പദ്ധതിയുടെ ആദ്യഘട്ടമായ ഓറിയൻ്റേഷൻ ക്യാമ്പ് ഇക്കഴിഞ്ഞ സെപ്റ്റംബർ മാസം നടന്നു. പ്രൊഡക്ഷൻ മാനേജ്മെന്റ്, ലൈറ്റിംഗ്, ആർട്ട് ആന്റ് ഡിസൈൻ, കോസ്റ്റ്യൂം, മേക്കപ്പ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവിഷൻ, മാർക്കറ്റിംഗ് ആന്റ് പബ്ളിസിറ്റി എന്നീ മേഖലകളിലാണ് പരിശീലനം നൽകുന്നത്. പരിശീലനത്തിനുശേഷം പ്രൊഫഷണൽ ഫിലിം പ്രൊഡക്ഷൻ കമ്പനികളിൽ വനിതകൾക്ക് തൊഴിലവസരത്തിന് വഴിയൊരുക്കും. ഇത്തരം സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് സ്ത്രീപ്രാതിനിധ്യത്തിന് നൽകുന്ന പ്രാമുഖ്യം നൽകുന്ന ഈ ചലച്ചിത്ര മേളയെന്നും മന്ത്രി പറഞ്ഞു.
വനിതാ സംവിധായകരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ‘ഫീമെയ്ൽ ഗേസ്’ പാക്കേജ് ഇത്തവണത്തെ മേളയിലെ മറ്റൊരു പ്രത്യേകതയാണെന്ന് മന്ത്രി പറഞ്ഞു. മലയാള സിനിമാ വിഭാഗത്തിൽ നാല് വനിതാ സംവിധായകരുടെ സാന്നിധ്യമുണ്ടെന്ന വസ്തുത ആശാവഹമാണ്. ക്യാമറയ്ക്ക് പിന്നിലും സാങ്കേതിക വിഭാഗങ്ങളിലും സ്ത്രീസാന്നിധ്യം വർധിച്ചുവരുന്നുവെന്നും അവർ തങ്ങളുടേതായ ഇടം മലയാള സിനിമയിൽ അടയാളപ്പെടുത്തുന്നുവെന്നും അടിവരയിട്ട് പറയുന്നതായി ഇന്ദുലക്ഷ്മിയുടെയും ശോഭന പടിഞ്ഞാറ്റിലിന്റെയും ശിവരഞ്ജിനിയുടെയും ആദിത്യ ബേബിയുടെയും സിനിമകളെന്ന് മന്ത്രി പറഞ്ഞു.
മലയാള സിനിമയുടെ ശൈശവദശ മുതൽ എൺപതുകളുടെ തുടക്കം വരെ തിരശ്ശീലയിൽ തിളങ്ങിയ മുതിർന്ന നടിമാരെ ആദരിക്കുന്ന ചടങ്ങ് മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഡിസംബർ 15 ഞായറാഴ്ച വൈകിട്ട് 6.30ന് മാനവീയം വീഥിയിലാണ് ‘മറക്കില്ലൊരിക്കലും’ എന്ന പരിപാടി.കെ.ആർ. വിജയ, ടി.ആർ. ഓമന, വിധുബാല, ഭവാനി (ലിസ), ശോഭ (ചെമ്പരത്തി), ഹേമ ചൗധരി, കനകദുർഗ, റീന, ശാന്തികൃഷ്ണ, ശ്രീലത നമ്പൂതിരി, സുരേഖ, ജലജ, മേനക, അനുപമ മോഹൻ, ശാന്തകുമാരി, മല്ലിക സുകുമാരൻ, സച്ചു (സരസ്വതി), ഉഷാ കുമാരി, വിനോദിനി, രാജശ്രീ (ഗ്രേസി), വഞ്ചിയൂർ രാധ എന്നിവരെയാണ് ആദരിക്കുന്നത്.
മൺമറഞ്ഞ ചലച്ചിത്രപ്രതിഭകൾക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ചടങ്ങ് നാളെ വൈകീട്ട് ആറു മണിക്ക് നിള തിയേറ്ററിൽ സംഘടിപ്പിക്കും. യശശ്ശരീരരായ കുമാർ സാഹ്നി, മോഹൻ, ഹരികുമാർ, കവിയൂർ പൊന്നമ്മ, ചെലവൂർ വേണു, നെയ്യാറ്റിൻകര കോമളം തുടങ്ങിയവർക്ക് മേള സ്മരണാഞ്ജലിയർപ്പിക്കും. സംസ്ഥാന ചലച്ചിത്ര അക്കാദമി ശ്രദ്ധാഞ്ജലി പരമ്പരയിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ആറു പുസ്തകങ്ങൾ അടുത്ത ദിവസം നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും.
50 ലോകചലച്ചിത്രാചാര്യർക്ക് ആദരമർപ്പിക്കുന്ന ഡിജിറ്റൽ ആർട്ട് എക്‌സിബിഷനും സംഘടിപ്പിക്കുന്നുണ്ട്. ‘സിനിമാ ആൽക്കെമി: എ ഡിജിറ്റൽ ആർട്ട് ട്രിബ്യൂട്ട്’ എന്ന എക്‌സിബിഷൻ സംവിധായകൻ ടി.കെ രാജീവ് കുമാറാണ് ക്യുറേറ്റ് ചെയ്തിരിക്കുന്നത്. അകിറ കുറൊസാവ, അലൻ റെനെ, ആൽഫ്രഡ് ഹിച്ച്കോക്ക്, തർക്കോവ്സ്കി, അടൂർ ഗോപാലകൃഷ്ണൻ,ജി.അരവിന്ദൻ, ആഗ്നസ് വർദ, മാർത്ത മെസറോസ്, മീരാനായർ തുടങ്ങി 50 ചലച്ചിത്രപ്രതിഭകൾക്ക് ആദരമർപ്പിക്കുന്ന പ്രദർശനം ഡിജിറ്റൽ ചിത്രകലയും ചലച്ചിത്രകലയും സമന്വയിക്കുന്ന അപൂർവ ദൃശ്യവിരുന്നാകും.
കേരളത്തിന്റേത് കലാസ്വാദനത്തിന്റെ മികച്ച പാരമ്പര്യം; ഐഎഫ്എഫ്കെ വേദിയിൽ ഷബാന ആസ്മി ഓപ്പൺ ഫോറം, ഇൻ കോൺവർസേഷൻ, മീറ്റ് ദ ഡയറക്ടർ, അരവിന്ദൻ സ്മാരക പ്രഭാഷണം, പാനൽ ചർച്ചകൾ തുടങ്ങി അനുബന്ധ പരിപാടികളും മേളയെ സജീവമാക്കും.
അനശ്വര ചലച്ചിത്രപ്രതിഭകളായ ജെ.സി.ഡാനിയൽ, പി.കെ.റോസി, സത്യൻ, പ്രേംനസീർ, നെയ്യാറ്റിൻകര കോമളം എന്നിവരുടെ സ്മൃതിമണ്ഡപങ്ങളിലും മലയാള സിനിമയിലെ ഒരു കാലഘട്ടത്തിലെ അനശ്വരപ്രതിഭകളുടെ സ്മരണകളുറങ്ങുന്ന മെറിലാന്റ് സ്റ്റുഡിയോയിലും ആദരമർപ്പിച്ച സ്മൃതിദീപപ്രയാണം ഇന്നലെ (12/12/2024) വൈകീട്ട് ചലച്ചിത്രോത്സവ നഗരിയിൽ എത്തിച്ചേർന്നു. മലയാള സിനിമയുടെ ചരിത്രത്തെ ദീപ്തമാക്കിയ പ്രതിഭകളുടെ ഓർമ്മകൾ മാനവീയം വീഥിയിലെ പി.ഭാസ്കരൻ പ്രതിമയ്ക്കു മുന്നിൽ ജ്വലിച്ചുനിൽക്കും. പ്രമേയം കൊണ്ടും വൈവിദ്ധ്യം കൊണ്ടും മറക്കാൻ കഴിയാത്ത അനുഭവമായി കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 29-ാം പതിപ്പ് മാറുമെന്നും മന്ത്രി പറഞ്ഞു