കൊച്ചി: എടിഎം തട്ടിപ്പ് വീരനെ പിടികൂടി തോപ്പുംപടി പൊലീസ്. വിവിധ സംസ്ഥാനങ്ങളിലായി നിരവധി എടിഎം തട്ടിപ്പുകൾ നടത്തിയ ഹരിയാന മേവാത്ത് സ്വദേശി ആലത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരുന്നു ആലത്തിൻ്റെ സ്ഥിരം മോഷണ പരിപാടി. വിവിധ സിഡിഎമ്മുകളിൽ ക്യാഷ് വിഡ്രോ ചെയ്യുന്ന സമയം സിസ്റ്റത്തിന് തകരാറുണ്ടാക്കി പണം അപഹരിച്ച് ബാങ്കിൽ ക്ലെയിം ചെയ്ത് സ്വന്തം അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. തോപ്പുംപടി പ്യാരി ജംഗ്ഷനിലുള്ള എടിഎമ്മിലും ആലം തട്ടിപ്പ് നടത്തി. അങ്ങനെയാണ് തോപ്പുംപടി പൊലീസ് ആലത്തിന് പിന്നാലെ എത്തിയത്.
മട്ടാഞ്ചേരി എസിപി മനോജിന്‍റെ നിർദ്ദേശപ്രകാരം പ്രത്യേക സ്ക്വാഡിന് നേതൃത്വം നല്‍കിയത് തോപ്പുംപടി സബ് ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്കാണ്. മേവാത്തിലെ അക്കേട ഗ്രാമത്തിൽ ചെന്ന് ആലത്തെ സാഹസികമായാണ് കേരള പോലീസ് പിടികൂടിയത്.