തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നും കാണാതായ ആസാമീസ് പെൺകുട്ടിയെ ഇന്ന് കേരള പൊലീസ് നാട്ടിലേക്ക് കൊണ്ടുവരും. കുട്ടി ഇപ്പോൾ വിശാഖപട്ടണത്ത് ആർപിഎഫിന്റെ സംരക്ഷണയിലാണ്. കുട്ടിയെ തിരികെ കൊണ്ടുവരാനായി പുറപ്പെട്ട കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഉച്ചയ്ക്ക് വിശാഖപട്ടണത്ത് എത്തിച്ചേരും. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം കുട്ടിയെ കേരള പൊലീസിന് കൈമാറി ഉടൻ തിരുവനന്തപുരത്ത് എത്തിക്കാനാണ് തീരുമാനം.
വിമാനം വഴി കുട്ടിയെ തിരികെയെത്തിക്കുന്ന കാര്യത്തിനാണ് മുൻഗണന. അതിന് സർക്കാരിന്റെ അനുമതി ആവശ്യമാണ്. അതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. തുടർകാര്യങ്ങൾ കേരള പോലീസ് തീരുമാനിക്കട്ടെ എന്നാണ് പിഡബ്ല്യുസി ഇന്നലെ പ്രതികരിച്ചിരുന്നു. വിശാഖ പട്ടണത്തെ മലയാളി അസോസിയേഷൻ പ്രതിനിധികളാണ് ട്രെയിനിലെ ബർത്തിൽ കിടന്നുറങ്ങുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്
വീട്ടിൽ ഉപദ്രവം തുടർന്നതിനാലാണ് വീട് വിട്ട് ഇറങ്ങിയതെന്ന് കുട്ടി വെളിപ്പെടുത്തി. ചൊവ്വാഴ്ചയാണ് കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്നും അമ്മയുമായി പിണങ്ങി ഇറങ്ങിയ കുട്ടി, ട്രെയിൻ കയറി സ്വദേശമായ ആസാമിലേക്ക് പോകാൻ ശ്രമിച്ചത്.
വിശാഖവാലിയിലെ കുട്ടികളുടെ സംരക്ഷണകേന്ദ്രത്തിൽ പെൺകുട്ടി സന്തോഷവതിയാണെന്ന് മലയാളി സമാജം പ്രവർത്തകർ അറിയിച്ചിരുന്നു. മകളെ കണ്ടെത്താൻ സഹായിച്ചതിൽ കേരളത്തിലെ ആളുകളോടും പൊലീസിനോടും നന്ദിയുണ്ടെന്ന് 13കാരിയുടെ മാതാപിതാക്കൾ പ്രതികരിച്ചു.