കൊച്ചി : കാൽപ്പന്തുകളിയിൽ കേരളത്തിൽ പുതുതരംഗം സൃഷ്ടിക്കാൻ ഒരുങ്ങുന്ന സൂപ്പര്‍ലീഗ് കേരള അതിൻ്റെ ആദ്യ സീസണ് തുടക്കമിടുകയായി. സെപ്റ്റംബര്‍ ഏഴിനാണ് കിക്കോഫ്. തുടക്കത്തിൽ തന്നെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി കോര്‍പറേറ്റ് ബ്രാൻഡുകളെ കണ്ടെത്താൻ കഴിഞ്ഞു എന്നുള്ളത് സൂപ്പര്‍ ലീഗ് കേരളയ്ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ ഇടയാക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
പ്രമുഖ കോർപ്പറേറ്റ് ബ്രാൻഡായ മഹീന്ദ്രയാണ് ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാര്‍. ഡയറി ബ്രാന്‍ഡായ അമൂൽ ലീഗിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സറായി രംഗത്തെത്തി. സ്റ്റാര്‍ സ്‌പോര്‍ട്‌സും ഹോട്ട്‌സ്റ്റാറുമാണ് ലീഗിന്റെ സംപ്രേക്ഷണ അവകാശം നേടിയിരിക്കുന്നത്. ഇന്ത്യയ്ക്കു പുറത്ത് ടെലികാസ്റ്റ് റൈറ്റ്‌സ് വില്പനയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍ പറഞ്ഞു.
സ്വന്തമായി 3 സ്റ്റേഡിയങ്ങൾ
സൂപ്പര്‍ ലീഗ് കേരളയുടെ ഉടമസ്ഥതയില്‍ കൊച്ചിയില്‍ ഫുട്‌ബോളിന് മാത്രമായി സ്‌റ്റേഡിയം പണിയുമെന്ന് നവാസ് മീരാന്‍ പറഞ്ഞു. സ്റ്റേഡിയം പണിയാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മറ്റ് പേപ്പര്‍ ജോലികള്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരം കൊമ്പന്‍സ്, മലപ്പുറം എഫ്.സി ടീമുകളും സ്വന്തമായി ഹോംഗ്രൗണ്ട് പണിയാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ സ്റ്റേഡിയം നിര്‍മ്മാണത്തിനായി 250 കോടി രൂപ മുടക്കാനാണ് തിരുവനന്തപുരം ഫ്രാഞ്ചൈസി ലക്ഷ്യമിടുന്നത്.
മലപ്പുറം ഫ്രാഞ്ചൈസിയും പുതിയ സ്റ്റേഡിയമെന്ന ലക്ഷ്യത്തിന് പിന്നാലെയാണ്. ജില്ലയിലെ ഫുട്‌ബോള്‍ ആവേശം കൃത്യമായി ഉപയോഗപ്പെടുത്താനുള്ള ഗ്രാസ്‌റൂട്ട് ലെവല്‍ പ്രവര്‍ത്തനങ്ങളാണ് ക്ലബിന്റെ ഭാഗത്തു നിന്നും നടക്കുന്നത്.
വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി ഈ മാസം 30ന് സൂപ്പര്‍ലീഗ് കേരള ഓള്‍സ്റ്റാര്‍ ഇലവനും ഐ.എസ്.എല്‍ ക്ലബ് മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബും തമ്മില്‍ പ്രദര്‍ശന മല്‍സരം കളിക്കുന്നുണ്ട്. ഈ മല്‍സരത്തില്‍ നിന്ന് കിട്ടുന്ന തുക വയനാടിനായി നല്‍കുമെന്ന് സൂപ്പര്‍ ലീഗ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ വ്യക്തമാക്കി.
ആദ്യ സീസൺ ബജറ്റ് 80 കോടി
സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണില്‍ ടീമുകളും സംഘാടകരും ചേര്‍ന്ന് 80 കോടി രൂപയിലധികം ചെലവഴിക്കും. ഓരോ ടീമും 8 മുതല്‍ 10 കോടി രൂപ വരെ മൊത്തത്തില്‍ ചെലവഴിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചെലവ് പരിധിവിട്ട് പോകാതിരിക്കാന്‍ കളിക്കാര്‍ക്കായി വിനിയോഗിക്കാവുന്ന തുകയ്ക്ക് പരിധി വച്ചിട്ടുണ്ട്. ഇത് രണ്ട് കോടി രൂപയാണ്. ഫ്രാഞ്ചൈസി ഫീസായി 1.5 കോടി രൂപയാണ് ടീമുകള്‍ നല്‍കേണ്ടത്.
പരസ്യ വരുമാനം, സെന്‍ട്രല്‍ റവന്യു, സ്‌പോണ്‍സര്‍ഷിപ്പ് തുക, ടിക്കറ്റ് വില്പന എന്നിവയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം ക്ലബുകള്‍ക്കും ലഭിക്കും. ഇന്ത്യയിലെ ഒന്നാംനമ്പര്‍ ലീഗായ ഐ.എസ്.എല്ലില്‍ ഒട്ടുമിക്ക ക്ലബുകളും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ സംഘാടകരുടെ മേല്‍നോട്ടവും ഉണ്ടാകും.