തിരുവനന്തപുരം: നഗരത്തിലെ കനാലുകളുടെ വീതിയും സൗന്ദര്യവും കൂട്ടി കൊച്ചി കൂടുതൽ സുന്ദരിയാവാനൊരുങ്ങുകയാണ്. ഇതിന് സഹായിക്കുന്ന പദ്ധതിയുടെ സ്ഥലമേറ്റെടുപ്പ് അടക്കമുള്ള കാര്യങ്ങൾ നടന്നു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. “നഗരത്തിലെ പ്രധാന കനാലുകളെ പുനരുജ്ജീവിപ്പിക്കുന്നതിനും വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനും, മലിനജല സംസ്ക്കരണത്തിനും, കനാലുകളിലൂടെയുള്ള ജല ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും വിഭാവനം ചെയ്ത പദ്ധതിയാണ് ഇന്‍റഗ്രേറ്റഡ് അര്‍ബന്‍ റീജനറേഷന്‍ ആന്‍റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം (IURWTS). കിഫ്ബിയുടെ ധന സഹായത്തോടെ ഇതിന്‍റെ നിര്‍വ്വഹണ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ( KMRL) ആണ്,” മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ഇടപ്പള്ളി, ചിലവന്നൂര്‍, തേവര, പേരണ്ടൂര്‍, മാര്‍ക്കറ്റ്, കോന്തുരുത്തി, മംഗളവനം എന്നീ 7 കനാലുകളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. പദ്ധതി നടപ്പിലാക്കുന്നതോടുകൂടി മേല്‍പ്പറഞ്ഞ എല്ലാ കനാലുകളുടെയും ഏറ്റവും ചുരുങ്ങിയ വീതി 16.50 മീറ്റര്‍ ആകും. ഭാവിയില്‍ കയ്യേറ്റങ്ങള്‍ ഉണ്ടാകാതിരിക്കുവാനും, സ്വീവേജ് പ്ലാന്‍റുകളിലേക്കുള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിനും കെഎസ്ഇബി പോലുള്ള സേവനങ്ങള്‍ക്ക് വേണ്ടിയുള്ള ഇടനാഴി സ്ഥാപിക്കുന്നതിനും വേണ്ടി കനാലുകളുടെ ഇരുകരകളിലും ചുരുങ്ങിയത് 2 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുത്ത് നടപ്പാത നിര്‍മ്മിക്കുന്നതിന് വിഭാവനം ചെയ്തിട്ടുണ്ട്. ഇതില്‍ ഇടപ്പള്ളി, ചിലവന്നൂര്‍, തേവര, പേരണ്ടൂര്‍ എന്നീ കനാലുകളുടെ വികസനത്തിനായി 42 ഹെക്ടര്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടി വരും. അതിനായുള്ള സ്ഥലമെടുപ്പും, പുറമ്പോക്ക് നിര്‍ണ്ണയിക്കുന്നതിനുള്ള ജോലികളും പുരോഗമിച്ചുവരികയാണ്.
മലിനജല സംസ്ക്കരണത്തിനായി കൊച്ചി നഗരത്തിന്‍റെ 70 ശതമാനം പ്രദേശം ഉള്‍ക്കൊള്ളുന്ന ഒരു ബൃഹദ് പദ്ധതി കിഫ്ബിയും കേരള വാട്ടര്‍ അതോറിട്ടിയുമായി ചേര്‍ന്ന് വിഭാവനം ചെയ്തിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി എളംകുളം, വെണ്ണല, മുട്ടാര്‍, പേരണ്ടൂര്‍ എന്നിവിടങ്ങളില്‍ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകള്‍ നിര്‍മ്മിക്കുന്നതിനായി KIIFB യില്‍ നിന്ന് 1,325 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പുരോഗമിച്ചു വരികയാണ്.
സ്ഥലം ഏറ്റെടുക്കല്‍ ആവശ്യമില്ലാത്ത മാര്‍ക്കറ്റ് കനാലിന്‍റെ സൗന്ദര്യവല്‍ക്കരണവും ചിലവന്നൂര്‍ ടാങ്ക് ബണ്ട് റോഡ് പാലത്തിന്‍റെ നിര്‍മ്മാണ പ്രവൃത്തികളും ദ്രുതഗതിയില്‍ നടന്നുവരുന്നു. ഈ പദ്ധതി കൊച്ചി നഗരത്തിന്‍റെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ ഒരു പുതിയ ചുവട്വെയ്പ്പാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.