കൊടകര കുഴൽപ്പണക്കേസിൽ ഇ ഡി കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ ചോദ്യങ്ങളുമായി ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. പാർട്ടിക്ക് കേസുമായി ബന്ധമില്ലെങ്കിൽ എന്തിന് പണം മോഷണം പോയതിന് പിന്നാലെ നേതാക്കൾ സ്ഥലത്തെത്തി. ജില്ലാ നേതാക്കന്മാരും മേഖലയുടെ സംഘടന സെക്രട്ടറിമാരും അടക്കം സംഭവം നടന്ന സ്ഥലത്തെത്തിയിരുന്നു. ധർമരാജൻ ബിജെപി നേതാക്കളെ ബന്ധപ്പെട്ടത് എന്തിനായിരുന്നുവെന്നും തിരൂർ സതീഷ് ചോദിക്കുന്നു. ധർമരാജിന് പണം കൊണ്ടുവെക്കാൻ പാർട്ടി ഓഫീസ് ക്ലോക്ക് റൂം അല്ലെന്നും സതീഷ് വിമർശിച്ചു.
വോട്ടർമാരെ സ്വാധീനിക്കാൻ വേണ്ടിയാണ് പണം കൊണ്ടുവന്നത്. എന്നാൽ പണം വന്ന വഴി ഇ ഡി അന്വേഷിച്ചില്ല. ധർമരാജൻ മൊഴിയായി തന്നെ അത് നൽകിയതായിരുന്നുവെന്നും ഇ ഡി യുടെ ഓഫീസ് പാർട്ടി കാര്യാലയത്തിലേക്ക് മാറ്റുന്നതാണ് നല്ലതെന്നും തിരൂർ സതീഷ് തുറന്നടിച്ചു.
“ചാക്കുകെട്ടുകളിൽ പണം എത്തി. അത് അന്വേഷിക്കാൻ പോലും ഇഡിക്ക് ഒഴിവില്ല. പാർട്ടിയുടെ നേതാക്കന്മാരെ സംരക്ഷിക്കാൻ വേണ്ടിയാണ് ഇന്ന് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. അത് ഇപ്പോൾ വ്യക്തമായി.” തന്റെ മൊഴി പോലും രേഖപ്പെടുത്താതെയാണ് കുറ്റപത്രം നൽകിയതെന്നും സതീഷ് പ്രതികരിച്ചു.