കൊൽക്കത്ത: ബംഗാളിലെ ആർ.ജി.കർ മെഡിക്കൽ കോളജിൽ വനിത ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവ്. വെള്ളിയാഴ്ച രാവിലെ 31കാരിയായ ഡോക്ടറെ സെമിനാർ ഹാളിൽ മരിച്ചനിലയിൽ കണ്ടെത്തിയതിനുശേഷം ആശുപത്രി അധികൃതരുടെ നടപടികളിൽ ഗുരുതര വീഴ്ചകളുണ്ടായിട്ടുണ്ടെന്നും കോടതി കുറ്റപ്പെടുത്തി. സംഭവം നടക്കുമ്പോൾ മെഡിക്കൽ കോളജ് പ്രിൻസിപ്പലായിരുന്നു ഡോ. സന്ദീപ് ഘോഷ് മുൻകൈ എടുത്ത് ഇടപെടലൊന്നും നടത്താത്തതു വേദനിപ്പിക്കുന്ന കാര്യമാണ്. കേസുമായി ബന്ധപ്പെട്ട് ആദ്യം ചോദ്യം ചെയ്യുന്നതു സന്ദീപ് ഘോഷിനെയായിരിക്കണമെന്നും കോടതി പറഞ്ഞു.
പ്രതിഷേധത്തെത്തുടർന്നു രാജിവച്ച സന്ദീപ് ഘോഷിനെ മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു കോളജിൽ സമാന തസ്തികയിൽ നിയമിച്ചിരുന്നു. അടിയന്തരമായി സന്ദീപിനെ നിലവിലെ സ്ഥാനത്തുനിന്നു മാറ്റണമെന്നും നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കൊൽക്കത്ത നാഷനൽ മെഡിക്കൽ കോളജിലാണു ഡോ.സന്ദീപ് ഘോഷിനെ നിയമിച്ചിരിക്കുന്നത്. ആർ.ജി.കർ മെഡിക്കൽ കോളജ് അധികൃതർ കൊല്ലപ്പെട്ട യുവതിയുടെയോ അവരുടെ കുടുംബത്തിന്റെയോ ഒപ്പം നിന്നില്ല. അപൂർവ്വമായ കേസാണിത്. തെളിവു നശിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും കോടതി പറഞ്ഞു