കോഴിക്കോട് : ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ എലത്തൂർ ഡിപ്പോയിൽ ഉണ്ടായ ഇന്ധനചോർച്ച എച്ച്പിസിഎല്ലിൻ്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ. ഒഴിവായത് വലിയ ദുരന്തമാണെന്നും എച്ച്പിസിഎല്ലിലെ മെക്കാനിക്കൽ- ഇലക്ട്രോണിക് സംവിധാനങ്ങൾ പരാജയപെട്ടതാണ് ചോർച്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഡീസൽ ചോർച്ചയുടെ വ്യാപ്തി ചെറുതല്ല. ജലാശയങ്ങൾ മലിനമായിട്ടുണ്ട്. എല്ലാം ശുചീകരിക്കാൻ അതിവേഗ നടപടി സ്വീകരിക്കും. മുംബൈയിൽ നിന്ന് കെമിക്കൽ കൊണ്ടുവന്ന് ജലാശയം വൃത്തിയാക്കും. മണ്ണിൽ കലർന്നിടത്തും ഉടൻ വൃത്തിയാക്കും. ആദ്യ കടമ്പ മാലിന്യം മുക്തമാക്കുകയാണ്. നാട്ടുകാരെ ബോദ്ധ്യപ്പെടുത്തിയും വിശ്വാസത്തിലെടുത്തുമായിരിക്കും നടപടികൾ. നാട്ടുകാരുടെ സഹകരണം ഉറപ്പാക്കുമെന്നും കളക്ടർ പറഞ്ഞു. ഫാക്‌ടറീസ് നിയമം പ്രകാരം എച്ച്പിസിഎല്ലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും അദ്ദേഹം അറിയിച്ചു.
ബുധനാഴ്ച്ച വൈകിട്ട് നാല് മണിക്കാണ് ഇന്ധന ചോർച്ചയുണ്ടായത്. ഇന്ധനം നിറയ്‌ക്കുന്ന ടാങ്ക് ഓവർ ഫ്ലോ ആയതാണ് ചോർച്ചയ്‌ക്ക് കാരണമെന്നറിയുന്നു. ഓവർ ഫ്ലോ അറിയിക്കാനുള്ള അപായ മണി സംവിധാനം തകരാറിലായത് സ്ഥിതി വഷളാക്കി. തകരാർ പരിഹരിക്കുന്നതിനിടെ ടാങ്ക് നിറഞ്ഞ് ഇന്ധനം അമിതമായി പുറത്തേക്ക് ഒഴുകാൻ തുടങ്ങി. ഓവുചാലുകളിലേക്ക് ഒഴുകിയ ഡീസൽ കുപ്പികളിൽ ശേഖരിക്കുന്ന തിരക്കിലായി നാട്ടുകാർ