മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുവീണ സംഭവത്തിൽ അന്വേഷണത്തിനായി മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിച്ച് ദേശീയപാത അതോറിറ്റി. സംഘം നാളെ സ്ഥലം സന്ദര്‍ശിക്കും. ദേശീയപാതയുടെ ഒരു ഭാഗം തകര്‍ന്നുവീണതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. അതേസമയം മലപ്പുറം തലപ്പാറയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന ദേശീയപാതയില്‍ വീണ്ടും വിള്ളല്‍ രൂപപ്പെട്ടു.
കനത്ത മഴയില്‍ അടിത്തറയില്‍ ഉണ്ടായ സമ്മര്‍ദ്ദം കാരണം വയല്‍ വികസിച്ച് വിള്ളല്‍ ഉണ്ടായി മണ്ണ് തെന്നി മാറിയതാണ് അപകടകാരണമെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. അന്വേഷണ സംഘം ബുധനാഴ്ച തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ വി. ആര്‍ വിനോദ് പറഞ്ഞു.
കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം ആശങ്കയുണ്ടാക്കുന്നതാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയമാണിത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഗതാഗതം വഴിതിരിച്ചുവിടും. വിദഗ്ദ സമിതി ഇക്കാര്യം പരിശോധിക്കും – വി. ആര്‍ വിനോദ് വ്യക്തമാക്കി.
ദേശീയപാത എന്‍ജിനീയറിങ് വിഭാഗം കൂരിയാട് പരിശോധന നടത്തി. അപകടം സംഭവിച്ച കൂരിയാട് മുതല്‍ കൊളപ്പുറം വരെയുള്ള ഭാഗത്താണ് പരിശോധന നടത്തിയത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും വിമര്‍ശനവുമായി രംഗത്തെത്തി. ഇതിനിടെ, നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന ദേശീയപാതയിലെ തലപ്പാറയിലും വിള്ളല്‍ രൂപപ്പെട്ടത് ആശങ്കയ്ക്കിടയാക്കി. തിങ്കളാഴ്ച റോഡ് തകര്‍ന്ന സ്ഥലത്തു നിന്നും ഏതാനും കിലോമീറ്റര്‍ മാത്രം ദൂരെയാണ് തലപ്പാറ.