കോഴിക്കോട് : കോഴിക്കോട് സർക്കാർ നേഴ്സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി ലക്ഷ്മി രാധാകൃഷ്ണൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ലക്ഷ്മി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം നിലവിലില്ല. സമഗ്രമായ അന്വേഷണം വേണമെന്നും ബന്ധു ഹരിപ്രസാദ് ആവശ്യപ്പെട്ടു. ഞായറാഴ്ചയാണ് നാട്ടിൽ നിന്നും കോഴിക്കോടേക്ക് മടങ്ങിയതെന്നും ഹരിപ്രസാദ് പറയുന്നു. ലക്ഷ്മിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടു കമ്മീഷണർക്ക് പരാതി നൽകുമെന്നും ബന്ധു പറഞ്ഞു.
പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ലക്ഷ്മിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വെച്ച ശേഷം സ്വദേശത്തേക്ക് കൊണ്ടു പോയി. കോട്ടയം കിടങ്ങൂർ സ്വദേശിയായ ലക്ഷ്മിയെ ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. രക്ഷിതാക്കളിൽ നിന്നും ലക്ഷ്മിക്കൊപ്പം ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർത്ഥിനികളിൽ നിന്നും പൊലീസ് ഉടൻ മൊഴിയെടുക്കും. വ്യക്തിപരമായ കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
രാത്രി വൈകിയാണ് ലക്ഷ്മിയുടെ ബന്ധുക്കൾ കോട്ടയത്ത് നിന്നും കോഴിക്കോടേക്ക് എത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്. ലക്ഷ്മി രാധാകൃഷ്ണൻ ഇന്നലെ ക്ലാസിൽ പോയിരുന്നില്ല. അസുഖമായതിനാൽ അവധിയെടുക്കുന്നുവെന്നാണ് ലക്ഷ്മി അറിയിച്ചത്. എന്നാൽ ലക്ഷ്മി താമസിക്കുന്ന ഹോസ്റ്റൽ മുറി വൃത്തിയാക്കാൻ പതിനൊന്നരയോടെ ആളുകൾ വന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലെ ഫാനിൽ ഷാൾകെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മെഡിക്കൽ കോളേജിന് പിറക് വശത്തെ കെഎം കൃഷ്ണൻകുട്ടി റോഡിലെ ബക്കർ വില്ല എന്ന ഹോസ്റ്റലിലാണ് ലക്ഷ്മി രാധാകൃഷ്ണൻ താമസിച്ചിരുന്നത്. മരണത്തിൽ ആർക്കും പങ്കില്ലെന്ന ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിരുന്നു.