തിരുവനന്തപുരം : അടുത്ത തവണയും കേരളം എൽഡിഎഫ് ഭരിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യുഡിഎഫിൻ്റെ കുഴപ്പം കൊണ്ടാണ് ഇത് സംഭവിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ തണ്ടനാണെന്നും അദ്ദേഹം വിമർശിച്ചു.
“2026 നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷം ജയിക്കും, ഭരിക്കും. യുഡിഎഫിൽ 5 പേർ മുഖ്യമന്ത്രിയാകാൻ നിൽക്കുന്നു. ശശി തരൂർ രാഷ്ട്രീയ അടവ് നയങ്ങൾ പലതും കാണിക്കുന്നുണ്ട്. ഇടയ്ക്ക് മോദിയെ സുഖിപ്പിക്കുന്നു ഇടയ്ക്ക് കോൺഗ്രസിനെയും സുഖിപ്പിക്കുന്നു. പാർട്ടിക്ക് അകത്തു നിൽക്കുമ്പോൾ അച്ചടക്കത്തോടെ നിൽക്കണം” വെള്ളാപ്പള്ളി നടേശൻ തുറന്നടിച്ചു.
ബിജെപിയുടെ പുതിയ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ മാന്യൻ എന്ന് പ്രകീർത്തിച്ച വെള്ളാപ്പള്ളി നടേശൻ പിസി ജോർജിനെ രൂക്ഷമായി വിമർശിച്ചു. “ഭക്ഷണം കഴിക്കാനും നുണ പറയാനും മാത്രം വാ തുറക്കുന്നയാളാണ് പി സി ജോർജ്. രാഷ്ട്രീയ ഉച്ചിഷ്ടങ്ങൾ അടിഞ്ഞുകൂടുന്ന ഒരു പാർട്ടിയായി ബിജെപി മാറി” വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു.
വർണ്ണവെറി ഇപ്പോഴുമുണ്ട്. ചീഫ് സെക്രട്ടറി പറഞ്ഞത് പുതിയൊരറിവല്ല. വർണ്ണത്തിന്റെയും ജാതിയുടെയും പേരിലുള്ള വിവേചനം ഇപ്പോഴും നിലനിൽക്കുന്നു. ഇവിടെ ജനാധിപത്യം മരിച്ചുപോയി. മതാധിപത്യം നിലനിൽക്കുന്ന കാലഘട്ടത്തിൽ ഇതെല്ലാം ഉണ്ടാകുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.