ന്യൂഡൽഹി : കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം ആദ്യം നൽകുന്നത്. കേന്ദ്രബജറ്റിൽ വയനാടിന് സഹായം പ്രഖ്യാപിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രി ജോർജ് കുര്യന്‍റെ മറുപടി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, വിദ്യാഭ്യാസ, സാമൂഹിക, അടിസ്ഥാന സൗകര്യങ്ങളില്‍ പിന്നോക്കമാണ് കേരളമെന്ന് പറയണം. അങ്ങനെയാണെങ്കില്‍ കമ്മീഷന്‍ പരിശോധിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി പറഞ്ഞു.
നിലവിൽ കിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങളുടെ വികസനത്തിലാണ് കൂടുതൽ ശ്രദ്ധ. എയിംസ് ബജറ്റിൽ അല്ല പ്രഖ്യാപിക്കുന്നതെന്നും സംസ്ഥാന സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കി നൽകി കഴിഞ്ഞാൽ മുൻഗണന അനുസരിച്ച് എയിംസ് അനുവദിക്കുമെന്നും ജോർജ് കുര്യൻ ഡൽഹിയിൽ പറഞ്ഞു. പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് സഹായം കൊടുക്കുന്നത്. ഞങ്ങള്‍ക്ക് റോഡില്ല, ഞങ്ങള്‍ക്ക് വിദ്യാഭ്യാസമില്ല, ഞങ്ങള്‍ക്ക് അങ്ങനെയുള്ള കാര്യമില്ല എന്ന് കേരളം പ്രഖ്യാപിച്ചാല്‍, മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വിദ്യാഭ്യാസപരമായി പിന്നാക്കമാണ്, സാമൂഹികപരമായി പിന്നാക്കമാണ്, അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ പിന്നാക്കമാണ് എന്ന് പറഞ്ഞാല്‍ അത് കമ്മീഷന്‍ പരിശോധിക്കും. അങ്ങനെയാണ് തീരുമാനിക്കുക. അല്ലാതെ ഗവണ്‍മെന്‍റ് അല്ലല്ലോ.’ ജോര്‍ജ് കുര്യന്‍ പറഞ്ഞു.
കേരളത്തിൻ്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമർശിച്ചിരുന്നു. പണപ്പെരുപ്പവും തൊഴിലില്ലായ്മയും ദാരിദ്ര്യവും വർദ്ധിപ്പിക്കുന്നതും, വികസനത്തെ മുരടിപ്പിക്കുന്നതും, സംസ്ഥാന താത്പര്യങ്ങളെ നിഷേധിക്കുന്നതിലൂടെ ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തെ ലംഘിക്കുന്നതുമാണ് കേന്ദ്ര ബജറ്റിലെ സമീപനമെന്നും മുഖ്യമന്ത്രി വിമർശിച്ചു.
കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. രാഷ്ട്രീയമായി താത്പര്യമുള്ളയിടങ്ങളിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകിയെന്നും കേരളത്തിന് ന്യായമായ പ്രതീക്ഷയുണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കണക്കുകളാണ് രാഷ്ട്രീയമല്ല സംസാരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതകർക്കായി ഒന്നുമില്ല. വിഴിഞ്ഞത്തെ കുറിച്ച് പറഞ്ഞതു പോലുമില്ല. വയനാടിന് പ്രത്യേക പാക്കേജ് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.