പാരീസ്: ഈഫല്‍ ടവര്‍ ഒളിമ്പിക്‌സിലെ അഞ്ച് വളയങ്ങളാല്‍ ശോഭിതമായി.
പാരീസ് ഒളിംപിക്സിന് ഇന്ന് വർണ്ണാഭമായ തുടക്കം. പാരീസിന്റെ ഹൃദയ ഭാഗത്തു കൂടി ഒഴുകുന്ന സെന്‍ നദിക്കരയിൽ ഇന്ത്യൻ സമയം രാത്രി 11മണിക്കാണ് ഉദ്ഘാടനം. ആദ്യമായാണ് ഒരു ഒളിംപിക്സിൻ്റെ ഉദ്ഘാടന ചടങ്ങുകൾ പ്രധാന വേദിക്ക് പുറത്ത് നടക്കുന്നത്. മാർച്ച് പാസ്റ്റ് ഉൾപ്പെടെ പ്രധാന ചടങ്ങുകൾക്കെല്ലാം സെൻ നദി വേദിയാകും.

ഒളിംപിക്സ് ഇതുവരെ കാണാത്ത അത്ഭുത കാഴ്ചകളാണ് പാരീസ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചനകൾ. ഫ്രഞ്ച് നടനും സംവിധായകനുമായ തോമസ് ജോളിയാണ് ഒളിമ്പിക്‌സിന്റെ ആർട്ട് ഡയറക്ടർ. ഫ്രഞ്ച് സംസ്‌കാരം അടിമുടി സെൻനദിയിലെ തെളിനീരിൽ തെളിയും. സെൻ നദിയിലൂടെ ഒഴുകിയെത്തുന്ന നൂറു ബോട്ടുകളിലായി 10,500 ഒളിമ്പിക് താരങ്ങൾ, നദിയിലെ ആറുകിലോമീറ്റർ പരേഡിൽ അണിനിരക്കും. ജാര്‍ഡിന്‍ ഡെസ് പാലത്തിന് സമീപത്തുള്ള ഓസ്റ്റര്‍ലിറ്റ്‌സ് പാലത്തില്‍ നിന്ന് പുറപ്പെട്ട് ട്രോകോഡെറോയില്‍ സമാപിക്കും. ഇതിനിടയിൽ പാരീസിലെ ഏറ്റവും പ്രശസ്തമായ നോട്രെ ഡാം, പോണ്ട് ഡെസ് ആര്‍ട്‌സ്, പോണ്ട് ന്യൂഫ് എന്നീ സ്ഥലങ്ങളിലൂടെ കായിക താരങ്ങളെ വഹിച്ചുള്ള ബോട്ടുകൾ കടന്നുപോകും.
മൂന്നുമണിക്കൂറോളം നീണ്ടുനിൽക്കുന്ന ചടങ്ങിൽ അദ്‌ഭുതങ്ങൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ആരൊക്കെയാവും ചടങ്ങിന് ആവേശം പകരുക എന്നതുൾപ്പടെയുള്ള കാര്യങ്ങളെല്ലാം രഹസ്യമാക്കിവെച്ചിരിക്കുകയാണ്. ലേഡി ഗാഗ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന. സുരക്ഷാഭീഷണി മുൻനിർത്തിയാണ് വിവരങ്ങൾ പുറത്തുവിടാത്തത്.
നാലായിരം നർത്തകരും മൂവായിരം കലാകാരന്മാരും പങ്കെടുക്കും. മുൻകൂട്ടി ടിക്കറ്റെടുത്തവർക്ക് മാത്രമാണ് ഉദ്ഘാടനച്ചടങ്ങിലേക്കു പ്രവേശനം. സംഘാടക സമിതി വിതരണം ചെയ്യുന്ന ടിക്കറ്റിന് 1600 യൂറോ (ഏകദേശം 1.48 ലക്ഷം രൂപ) മുതൽ 3000 യൂറോ (ഏകദേശം 2.76 ലക്ഷം രൂപ) വരെ മുടക്കണം. ടിക്കറ്റില്ലാതെ നദിക്കരയിൽ നിന്നോ ഇരുന്നോ ചടങ്ങ് കാണാനാവില്ല. ടിക്കറ്റില്ലാത്തവർക്കായി പാരിസ് നഗരത്തിലെ ബിഗ് സ്ക്രീനുകളിൽ ഉദ്ഘാടനച്ചടങ്ങ് പ്രദർശിപ്പിക്കും.
രണ്ട് തവണ ഒളിംപിക്സില്‍ മെഡല്‍ നേടിയ പി വി സിന്ധുവും കോമണ്‍വെല്‍ത്ത്, ഏഷ്യല്‍ മെഡല്‍ ജേതാക്കളായ അചന്ത ശരത് കമാലും ത്രിവര്‍ണ പതാകയുമായി ഇന്ത്യന്‍ സംഘത്തെ മാര്‍ച്ച് പാസ്റ്റില്‍ നയിക്കും. 16 കായിക വിഭാഗങ്ങളില്‍ 69 ഇനങ്ങളിലായി 112 കായിക താരങ്ങളാണ് ഇന്ത്യയില്‍ നിന്ന് മത്സരത്തിനിറങ്ങുന്നത്. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പരുഷ കായിക താരങ്ങള്‍ കുര്‍ത്ത ബുണ്ടി സെറ്റുകള്‍ ധരിക്കും, വനിതാ അത്‌ലറ്റുകള്‍ ഇന്ത്യന്‍ പതാകയിലെ നിറങ്ങള്‍ ഉള്‍പ്പെടുന്ന സാരിയും.