[ Photo Courtesy : DRDO India ]
ന്യൂഡൽഹി: ദീർഘദൂര ഹൈപ്പർ സോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയിലെ അബ്ദുൾ കലാം ദ്വീപിലെ മിസൈൽ പരീക്ഷണ കേന്ദ്രത്തിൽ ആയിരുന്നു പരീക്ഷണം. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ വികസിപ്പിച്ച മിസൈൽ വിജയകരമായി പരീക്ഷിക്കാനായതോടെ ഹൈപ്പർസോണിക് മിസൈൽ സാങ്കേതിക വിദ്യ സ്വന്തമായുള്ള അപൂർവ്വം രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഇടം നേടി.
ഇന്ത്യ മിസൈൽ പരീക്ഷണം വിജയകരമായി നടത്തിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. എക്സ് പോസ്റ്റിലൂടെയാണ് മന്ത്രി വിവരം പുറത്തുവിട്ടത. ഹൈപ്പർ സോണിക് മിസൈൽ സാങ്കേതിക വിദ്യയിൽ സുപ്രധാന നാഴികകല്ലാണ് രാജ്യം പിന്നിട്ടിരിക്കുന്നതെന്നും ഇതൊരു ചരിത്രപരമായ നിമിഷമാണെന്നും മന്ത്രി കുറിച്ചു. ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമാണ് ഇത്തരമൊരു സാങ്കേതികവിദ്യ കൈവശമുള്ളതെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.
1500 കിലോമീറ്റർ പ്രഹരപരിധിയുള്ള മിസൈലിന് വിവിധ തരത്തിലുള്ള പേലോഡുകൾ വഹിക്കാനാകും. ഇന്ത്യ തദ്ദേശീയമായാണ് മിസൈൽ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ഹൈദരാബാദിലെ ഡോ. അബ്ദുൾകലാം മിസൈൽ കോംപ്ലെക്സ് ഉൾപ്പെടെ ഡിആർഡിഒയുടെ വിവിധ ലബോറട്ടറികൾ സംയുക്തമായി പരിശ്രമിച്ചാണ് മിസൈൽ യാഥാർഥ്യമാക്കിയത്.
മണിക്കൂറിൽ 6200 കിലോമീറ്റർ വേഗത്തിലാണ് മിസൈൽ സഞ്ചരിക്കുക. അതുകൊണ്ടുതന്നെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് ഇവയെ തടയാൻ സാധിക്കില്ല. ബാലിസ്റ്റിക് മിസൈലുകളേക്കാൾ വേഗം താരതമ്യേനെ കുറവാണെങ്കിലും പേലോഡിനെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്ന ഹൈപ്പർസോണിക് ഗ്ലൈഡിന് പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാനാകുമെന്നതാണ് ഹൈപ്പർസോണിക് ക്രൂസ് മിസൈലുകളുടെ പ്രത്യേകത.
ബാലിസ്റ്റിക് മിസൈലുകൾ ബഹിരാകാശത്തേക്കാണ് പേലോഡുകൾ എത്തിക്കുക. തുടർന്ന് ലക്ഷ്യത്തിലേക്ക് ഭൂമിയുടെ ഗുരുത്വാകർഷണം ഉപയോഗപ്പെടുത്തിയാണ് എത്തുന്നത്. എന്നാൽ ക്രൂസ് മിസൈലുകൾ സ്വയം സഞ്ചരിച്ചാണ് ആക്രമണം നടത്തുക.
https://twitter.com/Gpyadav315/status/1858036219369660849?t=W7wrw52yyDY_GRaxYgtnXA&s=19