കൊല്ലം: സി.പി.എമ്മിനെ ഇല്ലാതാക്കാൻ സംഘപരിവാറിന് ദീർഘകാല പദ്ധതിയും ഹ്രസ്വകാല പരിപാടിയുമുണ്ടെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സംഘപരിവാറിന് സ്വാധീനമുണ്ടാകുന്ന വിധത്തിൽ ദേശീയ രാഷ്ട്രീയ സാഹചര്യം കേരളത്തിലേക്കും പടരുന്നുണ്ട്
പാർട്ടിയിൽ അംഗബലം കൂടുകയും തുടർഭരണം ജനസ്വാധീനമുള്ളതായി മാറുകയും ചെയ്തിട്ടുണ്ടെങ്കിലും ചില ദൗർബല്യങ്ങൾ ഇപ്പോഴും അലട്ടുന്നുണ്ടെന്ന ആമുഖത്തോടെ സ്വയംവിമർശനവും
സംഘടനാ റിപ്പോർട്ടിലുണ്ട്. നേതാക്കൾക്കടക്കം ജനങ്ങളുമായുള്ള ബന്ധം കുറയുന്നുവെന്നാണ് സംഘടനാ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്ന പ്രധാന വിമർശനം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മതയും ശുദ്ധിയും സുതാര്യതയും ഉറപ്പാക്കണമെന്ന പാർട്ടി നിർദ്ദേശം പാലിക്കാത്ത ചിലരുണ്ട്.
ജനങ്ങളോട് നേരിട്ട് ഇടപെടുന്ന ഘടകമായ ബ്രാഞ്ചുകളിൽ ദുർബലാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫണ്ട് സമാഹരണത്തിൽ ചില സഖാക്കൾക്ക് സുതാര്യതയില്ല. രശീതിപോലും നൽകാതെ ചിലർ സ്ഥാപനങ്ങളിൽനിന്ന് വലിയ തുക വാങ്ങുന്ന രീതിയുണ്ട്. ചിലർ സാമ്പത്തിക ഇടപാടുകളുടെ ഒത്തുതീർപ്പ് നടത്തുന്നു. അതിന് പണം വാങ്ങുന്നെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.