മുംബൈ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. ആദ്യഘട്ട പട്ടികയിൽ 48 േേരുകളാണ് ഉള്ളത്. പ്രമുഖ നേതാക്കളായ പൃഥ്വിരാജ് ചവാനും പിസിസി അധ്യക്ഷൻ നാനാ പടോലെയുടെയും പേരുകൾ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പൃഥ്വിരാജ് ചവാൻ കരാട് സൗത്തിൽ നിന്നും നാനാ പടോലെ സകോലിയിൽ നിന്നും മത്സരിക്കും. പട്ടികയിൽ നിലവിലെ 25 എംഎൽഎമാരും ഇടംപിടിച്ചിട്ടുണ്ട്.
മഹാവികാസ് അഘാഡി (ഇന്ത്യാ മുന്നണി) സഖ്യത്തിലെ പ്രധാനകക്ഷികളായ കോൺഗ്രസും ശിവസേനയും (ഉദ്ദവ് വിഭാഗം) എൻസിപിയും എൻസിപിയും (ശരദ് പവാർ വിഭാഗം) 85 വീതം സീറ്റുകളിലാണ് മത്സരിക്കുന്നത്. പെസന്റ്സ് വർക്കേഴ്‌സ് പാർട്ടി, സിപിഎം, സിപിഐ, സമാജ്‌വാദി പാർട്ടി, ആംആദ്മി പാർട്ടി എന്നിവരെക്കൂടി സഖ്യത്തിൽ ഉൾപ്പെടുത്താനാണ് മഹാവികാസ് അഘാഡിയുടെ നീക്കം.18 സീറ്റുകൾ ഈ കക്ഷികൾക്കായി നീക്കിവെക്കും. നവംബർ 20നാണ് 288 മണ്ഡങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. 23 ന് വോട്ടെണ്ണും
അതേ സമയം,100 സീറ്റ് വേണമെന്ന ശാഠ്യത്തിൽ ശിവസേന (ഉദ്ധവ്) ഉറച്ചുനിന്നതോടെ അന്തിമ സീറ്റ് വിഭജനം ഇന്ത്യമുന്നണിക്ക് കീറാമുട്ടിയായി. കോൺഗ്രസും ശിവസേനാ ഉദ്ധവ് വിഭാഗവു എൻസിപി ശരദ് പവാർ വിഭാഗവും 85 വീതം സീറ്റുകളിൽ മത്സരിക്കുന്ന കാര്യം കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ശേഷിക്കുന്ന 33 സീറ്റുകളുടെ കാര്യത്തിലാണ് പ്രഖ്യാപനം നീളുന്നത്.
വിദർഭയിലെ രാംടെക്, മുംബൈയിലെ ബാന്ദ്ര ഈസ്റ്റ് അടക്കം ഏതാനും സീറ്റുകളിൽ അന്തിമധാരണയാകുന്നതിനു മുൻപേ ഉദ്ധവ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് കോൺഗ്രസ് നേതാക്കളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. സെഞ്ചറി തികയ്ക്കാൻ രണ്ടോ, മൂന്നോ സിക്സറുകൾ അടിച്ചാൽ മതിയെന്നാണ് 85 സീറ്റ് ലഭിച്ച ഉദ്ധവ് വിഭാഗത്തിലെ മുതിർന്ന നേതാവായ സഞ്ജയ് റാവുത്ത് ഇന്നലെ പ്രതികരിച്ചത്. നൂറു സീറ്റാണ് പാർട്ടിയുടെ ലക്ഷ്യമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. എന്നാൽ, കോൺഗ്രസ് ഇത് അംഗീകരിക്കുന്നില്ല. ജയസാധ്യതയുള്ള ഒട്ടേറെ സീറ്റുകൾ ഉദ്ധവ് വിഭാഗത്തിനു വിട്ടുകൊടുക്കാൻ കോൺഗ്രസ്സും തയ്യാറല്ല.