മുംബൈ: മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാൻ ഒരു പ്രതിപക്ഷ പാർട്ടിക്കും അർഹതയുണ്ടാവില്ല. തെരഞ്ഞെടുപ്പിൽമഹാ വികാസ് അഘാഡി സഖ്യം ദയനീയ പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തിലാണ് പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷ നേതാവ് ഉണ്ടാകാനുള്ള സാധ്യതക്ക് മങ്ങലേൽക്കുന്നത്.
നിലവിൽ ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഗുജറാത്ത്, മണിപ്പുർ, നാഗാലാൻഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളും പ്രതിപക്ഷ നേതൃപദവി ഒഴിഞ്ഞു കിടക്കുകയാണ്. ആ നിരയിലേക്കാണ് ഏഴാമതായി മഹാരാഷ്ട്രയും ഇടം പിടിക്കുന്നത്. 10 ശതമാനം സീറ്റുകളുള്ള പ്രതിപക്ഷ പാർട്ടികൾ നിയമസഭയെ പ്രതിനിധീകരിക്കാൻ ഇല്ലാത്തതിനാലാണ് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഈ സംസ്ഥാനങ്ങളിലെല്ലാം ഒഴിഞ്ഞു കിടക്കാൻ ഇടയായത്.
മഹാരാഷ്രയിലെ 288 അംഗ നിയമസഭയിൽ 10 ശതമാനം അല്ലെങ്കിൽ 29 സീറ്റുകൾ ഉള്ള പാർട്ടിക്കാണ് പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാൻ അർഹത. എന്നാൽ, മഹാവികാസ് അഘാഡി സഖ്യത്തിലെ ഒരു പാർട്ടിയ്ക്കും 29 സീറ്റുകൾ ലഭിച്ചിട്ടില്ല. നിലവിലെ കണക്കുകൾ പ്രകാരം പ്രതിപക്ഷത്തുള്ള ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) 20 സീറ്റുകളിലാണ് വിജയിച്ചത്. കോൺഗ്രസിൻ്റേയും എൻസിപി (ശരദ് പവാർ വിഭാഗം) യുടേയും കൈയ്യിൽ യഥാ ക്രമം 16 ഉം 10 ഉം സീറ്റുകൾ മാത്രമാണ് ഉള്ളത്. 10 ശതമാനം സീറ്റെന്ന ലക്ഷ്യം കൈവരിക്കാനാവാത്തതുകൊണ്ടുതന്നെ മഹാരാഷ്ട്ര നിയമസഭയിലും പ്രതിപക്ഷ നേതൃസ്ഥാനം അന്യം നിന്നു പോയേക്കും.