മുംബൈ : മഹാരാഷ്ടയിൽ മന്ത്രിസഭ എന്നാൽ ഇപ്പോൾ മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരുമാണ്. ഈ മൂവർ സംഘമാകട്ടെ, ‘മുംബൈ ടു ഡൽഹി മാരത്തോൺ’ ഓട്ടത്തിലും! തെരഞ്ഞെടുപ്പു ഫലം വന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും മന്ത്രിമാരെയും വകുപ്പും നിശ്ചയിക്കാനാവാതെ മോദിയെയും അമിത് ഷായെയും കണ്ട് ചർച്ച തന്നെയാണ് പ്രധാന പണി. എന്നിട്ടും കാര്യങ്ങൾ ഒരു വഴിക്കും അടുക്കുന്നില്ല. ആഭ്യന്തരം, ധനകാര്യം, റവന്യൂ വകുപ്പുകളിലാണ് മന്ത്രിസഭാ വികസനം വഴിച്ചുട്ടി നിൽക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അവസാനവട്ട ചർച്ചക്കായി ഡൽഹിയിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ മുതിർന്ന ബിജെപി നേതാക്കളമായുള്ള കൂടിക്കാഴ്ചയും കഴിഞ്ഞു. മന്ത്രിസഭാ വികസനം അടുത്ത ദിവസം ഉണ്ടായേക്കുമെന്നാണ് സൂചന. ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം അജിത് പവാർ ചർച്ചക്ക് എത്തിയിട്ടുണ്ടെങ്കിലും ഷിൻഡെ വിട്ടു നിന്നു.
മന്ത്രിസഭയിൽ ആവശ്യപ്പെട്ട വകുപ്പുകൾ ലഭിക്കാൻ സാദ്ധ്യതയില്ലെന്ന അറിവാണ് ഷിൻഡെ വിട്ടു നിൽക്കാൻ കാരണം. അഭ്യന്തരമാണ് ഷിൻഡെ പ്രധാനമായും ആവശ്യപ്പെട്ടത്. അതില്ലെങ്കിൽ റവന്യൂ വകുപ്പ് വേണമെന്നതാണ് കടുംപിടുത്തം. ഇത് രണ്ടും നൽകാൻ ബിജെപി തയ്യാറാവുന്ന ലക്ഷണവുമില്ല. അതൃപ്തി പടരുവാൻ ഇതിന് മേലെ എന്തുവേണം !
എൻസിപിയിലും (അജിത്) അതൃപ്തിക്ക് കുറവൊന്നുമില്ലെങ്കിലും ധനകാര്യ വകുപ്പ് തരപ്പെടുമെന്ന വിശ്വാസത്തിൽ പരസ്യമായി പ്രകടിപ്പിക്കാതെ ഫഡ്നാവിസിനോട് ചേർന്ന് നിന്ന് കാര്യം സാധിക്കാമെന്നുള്ള അവസാന വട്ട ശ്രമത്തിലാണ് അജിത് പവാർ.
മന്ത്രിമാരാകേണ്ടവരെ ബിജെപി നേതൃത്വം തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. ഷിൻഡെ വിഭാഗത്തിൽ അതുസംബന്ധിച്ചും പ്രശ്നമുണ്ട്. കഴിഞ്ഞതവണ മന്ത്രിമാരായ ചിലരെ ഒഴിവാക്കാൻ ഷിൻഡെയോട് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണറിവ്.