കൊച്ചി : കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ മുഖ്യപ്രതി പിടിയില്‍. കൊല്ലം സ്വദേശിയായ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അനുരാജാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ട് വന്നത് എന്നതടക്കം പിടിയിലായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ മൊഴിനൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ശനിയാഴ്ച തന്നെ അനുരാജിനെ പിടികൂടാനുള്ള ശ്രമം പോലീസ് ആരംഭിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു. ആഷിഖും ഷലിഖും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനുരാജിലേക്ക് അന്വേഷണമെത്തിയത്. ഇയാളുടെ അക്കൗണ്ടില്‍ നിന്നാണ് ലഹരി വാങ്ങാനുള്ള പണവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടന്നത്. വിദ്യാര്‍ത്ഥികള്‍ ലഹരിക്കായി നല്‍കിയ പണം ഇയാളുടെ അക്കൗണ്ടിലാണ് സമാഹരിച്ചത്. റെയ്ഡ് നടക്കുന്ന സമയം അനുരാജ് അവിടെ ഉണ്ടായിരുന്നില്ല. സുഹൈല്‍ എന്ന് പേരുള്ള ഇതര സംസ്ഥാനക്കാരനില്‍ നിന്നാണ് ലഹരി വാങ്ങിയതെന്നും ആഷിഖും ശാലിഖും മൊഴി നല്‍കിയിരുന്നു. ഇതും പോലീസിൻ്റെ അന്വേഷണ പരിഗണനയിലാണ്.
പോളിടെക്നിക്ക് കോളജ് ഹോസ്റ്റല്‍ മിനി കഞ്ചാവ് വിപണന കേന്ദ്രമെന്നാണ് പോലീസ് കണ്ടെത്തൽ. പരിശോധന ഉണ്ടാകില്ലെന്ന ധൈര്യത്തില്‍ ഹോസ്റ്റല്‍ മുറികളില്‍ കഞ്ചാവ് എത്തിച്ചശേഷം അവിടെ നിന്നു തന്നെ പാക്ക് ചെയ്ത് പുറത്തേക്ക് വിപണനം നടത്തുന്നതാണ് രീതി. ഇത്തവണ ഹോസ്റ്റലിലേക്ക് എത്തിയത് നാല കഞ്ചാവ് പൊതികളാണ്. രണ്ടെണ്ണം മാത്രമാണ് പിടികൂടാനായത്.
കളമശ്ശേരിയുടെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്നത് ഹോസ്റ്റലില്‍ നിന്നാണെന്നും പിടിയിലായ ആഷിഖ് ലഹരി ഇടപാടുകളിലെ പ്രധാനിയെന്നും പോലീസ് വ്യക്തമാക്കുന്നു. രണ്ട് കിലോ കഞ്ചാവും തൂക്കി നല്‍കാനുള്ള ത്രാസുമാണ് പോളിടെക്‌നിക് ഹോസ്റ്റലില്‍ നിന്ന് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്.