ഇംഫാല്‍: കലാപങ്ങളുടെ തുടർക്കഥയെന്നോണം ഒടുവിൽ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചു. മണിപ്പുരില്‍ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ തന്നെ അദ്ദേഹത്തിന്റെ രാജിക്കായി
ആവശ്യം ഉയര്‍ന്നിരുന്നു. ഞായറാഴ്ച വൈകുന്നേരമാണ് ഗവര്‍ണർക്ക് രാജിക്കത്ത് കൈമാറിയത്. ബി.ജെ.പിയില്‍ നിന്നു തന്നെ ഉയര്‍ന്ന എതിര്‍പ്പും നിയമസഭയിൽ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള സാദ്ധ്യതയും കണക്കിലെടുത്താണ് രാജി. 12 ഭരണകക്ഷി എം.എല്‍.എമാരാണ് അദ്ദേഹത്തിന്റെ രാജി ആവശ്യം ഉന്നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
രാജിക്ക് മുൻപെ ഞായറാഴ്ച ബിരേന്‍ സിങ് ഡല്‍ഹിയിലെത്തി ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നന്ദ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് എം.എല്‍.എമാര്‍ക്കൊപ്പമെത്തി ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറിയത്. തുടർന്നും മണിപ്പൂരിന്റെ നല്ല ഭാവിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും നാര്‍ക്കോ ടെററിസം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയ്ക്കെതിരേ ശക്തമായി നിലപാട് സ്വീകരിക്കുമെന്നും രാജിക്കത്തില്‍ പറയുന്നു.
ഒന്നര വര്‍ഷക്കാലത്തോളമായി കലാപങ്ങളുടെ ദുരന്തഭൂമിയായിരുന്ന സംസ്ഥാനമാണ് മണിപ്പൂര്‍. കലാപത്തിൻ്റെ പേരിൽ ഇക്കഴിഞ്ഞ പുതുവർഷ തലേന്ന് ബിരേന്‍ സിങ് ജനങ്ങളോട് മാപ്പപേക്ഷിച്ചിരുന്നു. ഭൂതകാല തെറ്റുകള്‍ എല്ലാവിഭാഗങ്ങളും മറക്കണമെന്നും പൊറുക്കണമെന്നും സമാധാനത്തിലും അഭിവൃദ്ധിയിലും ഒരുമിച്ചുകഴിയണമെന്നുമായിരുന്നു അഭ്യര്‍ത്ഥന. മെയ്ത്തി-കുക്കി വിഭാഗങ്ങള്‍ 2023 മേയില്‍ സംഘര്‍ഷമാരംഭിച്ചശേഷം ആദ്യമായായിരുന്നു മുഖ്യമന്ത്രി മാപ്പപേക്ഷയുമായി രംഗത്ത് വന്നത്.