തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം ഡിജിപി റാങ്കിലേക്ക്. ഫയർഫോഴ്സ് മേധാവിയായിട്ടായിരിക്കും ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം. നിലവിലെ ഫയർഫോഴ്സ് മേധാവിയായ കെ. പത്മകുമാർ ബുധനാഴ്ച വിരമിക്കും. അപ്പോൾ മനോജ് എബ്രഹാമിന് ആ തസ്തികയിൽ നിയമനം ലഭിച്ചേക്കും.
1994 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് മനോജ് എബ്രഹാം. ഇന്‍റലിജന്‍സ് മേധാവി, വിജിലൻസ് ഡയറക്ടർ, പോലീസ് ആസ്ഥാനത്തെ എഡിജിപി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഇനി ഏഴു വർഷം ഡിജിപി റാങ്കിലുണ്ടാകും.
മനോജ് എബ്രഹാം വഹിച്ചിരുന്ന ക്രമസമാധാന ചുമതലയിലേക്ക് പോലീസ് ആസ്ഥാനത്തെ എഡിജിപി എസ്. ശ്രീജിത്ത്, ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് എന്നിവരിൽ ആരെയെങ്കിലും പരിഗണിക്കാനാണ് സാദ്ധ്യത. നിലവിലെ മറ്റ് എഡിജിപിമാരെല്ലാം പ്രധാന തസ്തികയിലാണ്. പിന്നെയുള്ള പേര് എം ആര്‍ അജിത്കുമാറിൻ്റേതാണ്. പക്ഷെ, അജിത്കുമാര്‍ ആസ്ഥാനത്തേക്ക തിരിച്ചെത്താനുള്ള സാധ്യത ഏറെ കുറവാണ്.
പോലീസ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ് ജൂണ്‍ 30ന് വിമരിക്കുമ്പോള്‍ അജിത് കുമാറിനും ഡിജിപി റാങ്ക് ലഭിക്കും. പുതിയ പോലീസ് മേധാവിയാകാൻ ഡിജിപി റാങ്കിലുള്ളവര്‍ തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു ഐബി സ്പെഷ്യൽ ഡയറക്ടർ റാവഡാ ചന്ദ്രശേഖർ അപേക്ഷ നൽകി. കേന്ദ്രസര്‍വ്വീസിൽ നിന്ന് നിതിൻ അഗർവാള്‍ തിരിച്ചെത്തിയിട്ടുണ്ട്. പരിഗണിക്കപ്പെടുന്നവരുടെ പട്ടിക മെയ് ആദ്യവാരം തന്നെ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയക്കുമെന്നാണ് അറിയുന്നത്