ന്യൂഡൽഹി : ലോകസഭയിൽ ഭരണഘടനയെ മുൻനിർത്തിയുള്ള ചർച്ചയിൽ കേന്ദ്ര സർക്കാരിനേയും ബിജെപിയേയും അതിരൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തിക്കാട്ടി, മനുസ്മൃതിയും സവര്‍ക്കറേയും എടുത്തിട്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ആക്രമണം. ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവര്‍ക്കര്‍ പറഞ്ഞതെന്നും സവര്‍ക്കര്‍ മുന്നോട്ടു വെച്ച മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിതയെന്നും രാഹുല്‍ വിമര്‍ശിച്ചു.
ഇന്ത്യയുടെ ഭരണഘടന സവര്‍ക്കര്‍ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ഭാരതീയമായി ഒന്നുമില്ലെന്നതാണ് ഭരണഘടനയുടെ മോശം കാര്യമെന്നാണ് സവര്‍ക്കര്‍ പറഞ്ഞത്. ഹിന്ദു രാഷ്ട്രത്തിന് വേദങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ളത് മനുസ്മൃതിയാണെന്നും പറഞ്ഞു. ആ മനുസ്മൃതി പിന്തുടര്‍ന്ന് സര്‍ക്കാര്‍ രാജ്യത്തെ പിന്നോട്ടടിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു.
വിരല്‍ നഷ്ടപ്പെട്ട ഏകലവ്യന്‍റെ അവസ്ഥയാണ് രാജ്യത്തെ യുവാക്കള്‍ക്കും, കര്‍ഷകര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കുമെന്ന് രാഹുല്‍ പറഞ്ഞു. അദാനി, ഹാത്രസ്, സംഭല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചപ്പോള്‍ സ്പീക്കര്‍ തടയാന്‍ ശ്രമിച്ചെങ്കിലും, ഭരണഘടനക്കൊപ്പം നീതി നിഷേധവും ചര്‍ച്ച ചെയ്യപ്പടണമെന്ന് രാഹുല്‍ പറഞ്ഞു. അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സെസ് നടപ്പാക്കുമെന്നും, 50 ശതമാനം സംവരണം എടുത്തു കളയുമെന്നും ആവര്‍ത്തിച്ചു. .
ബ്രിട്ടീഷുകാരോട് മാപ്പിരന്ന ആൾ എന്നായിരുന്നു സവര്‍ക്കറെ കുറിച്ച് മുത്തശി തനിക്ക് പറഞ്ഞു തന്നതെന്ന് രാഹുൽ ഗാന്ധി വെളിപ്പെടുത്തി.