തൃശൂർ : അദ്ധ്യാപകര്‍ മുതല്‍ സെക്യൂരിറ്റി ജീവനക്കാര്‍ വരെയുള്ള 120 താൽക്കാലിക ജീവനക്കാരെ പിരിച്ച് വിട്ട് കേരള കലാമണ്ഡലം. സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയാണ് ഈ കൂട്ടപ്പിരിച്ചുവിടലിന് പിന്നിലെന്നാണറിയുന്നത്. നാളെ മുതല്‍ ജോലിക്കെത്തേണ്ടെന്നാണ് താൽക്കാലിക ജീവനക്കാരോട് രജിസ്ട്രാറുടെ ഉത്തരവ്. കലാമണ്ഡലത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് മുഴുവൻ താത്കാലിക ജീവനക്കാരെയും ഒറ്റയടിക്ക് പിരിച്ചുവിടുന്നത്. കേരള കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയിലെ ദൈനം ദിന പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നതാണ് രജിസ്ട്രാറുടെ പുതിയ ഉത്തരവെന്ന ആക്ഷേപവും ഒരു ഭാഗത്ത് ഉയരുന്നുണ്ട്.
പദ്ധതിയേതര വിഹിതത്തില്‍ നിന്ന് ലഭിക്കേണ്ട തുക ലഭിക്കാത്ത സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും ഉത്തരവ് പറയുന്നു. ശമ്പളമടക്കം പ്രതിമാസം എണ്‍പത് ലക്ഷം രൂപയാണ് കലാമണ്ഡലത്തിന് ആവശ്യം. എന്നാല്‍ അമ്പത് ലക്ഷം രൂപമാത്രമാണ് കഴിഞ്ഞ മാസം സാംസ്കാരിക വകുപ്പില്‍ നിന്ന് ലഭിച്ചത്. കഴിഞ്ഞ കുറേ മാസങ്ങളായി ഇതായിരുന്നു സ്ഥിതി. തനത് വരുമാന ശ്രോതസ്സുകള്‍ കണ്ടെത്താന്‍ നേരത്തെ നിര്‍ദ്ദേശം വരികയും ചെയ്തിരുന്നു.
140 കളരികളുള്ള കലാമണ്ഡലത്തിൻ അറുപതിനടുത്ത് സ്ഥിരം ജീവനക്കാർ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ മിക്ക കളരികളും താത്കാലിക ജീവനക്കാരെ ഉപയോഗിച്ചാണ് നടക്കുന്നത്. എട്ടുമുതല്‍ എംഎ വരെയുള്ള പഠനവും പ്ലസ് ടുവരെ പൊതു വിദ്യാഭ്യാസവും കലാമണ്ഡലത്തിലുണ്ട്