തിരുവനന്തപുരം : തിരുവനന്തപുരത്ത് നാടിനെ നടുക്കി കൂട്ടക്കൊലപാതകം. വെഞ്ഞാറമൂട് പേരുമല സ്വദേശിയായ അഫാൻ എന്ന 23കാരനാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകങ്ങൾ നടത്തിയത്.
പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയും ഉൾപ്പെടെ കുടുംബത്തിലെ 5 പേരെ വെട്ടി കൊലപ്പെടുത്തി. മൂന്നിടങ്ങളിലായാണ് കൊലപാതകം നടന്നത്.
വെഞ്ഞാറമൂടിലെ വീട്ടിൽ വെച്ച് വെട്ടേറ്റ യുവാവിന്‍റെ മാതാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടാമതായി പാങ്ങോട്ടെ വീട്ടിൽ പ്രതിയുടെ മാതാവിന്‍റെ ഉമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സൽമാ ബീവിയാണ് മരിച്ചത്. മൂന്നാമതായി എസ്എൻ പുരത്ത് രണ്ടു പേരെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. പ്രതിയുടെ ബന്ധുക്കളായ ലത്തീഫ്, ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിന് പിന്നാലെ വൈകിട്ട് ഏഴുമണിയോടെ പ്രതി വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. പ്രതി വിഷം കഴിച്ചുവെന്ന മൊഴിയെ തുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
എലി വിഷം കഴിച്ചെന്ന് പറഞ്ഞതിനാലാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്നും പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അഫാൻ പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. കൂടുതൽ പേരെ ആക്രമിച്ചിട്ടുണ്ടെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. സ്റ്റേഷനിലെത്തിയ പ്രതി ആറുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് മൊഴി നൽകിയത്. പ്രതിയുടെ മൊഴി ഉള്‍പ്പെടെ പോലീസ് പരിശോധിച്ചുവരുകയാണ്.
തിരുവനന്തപുരത്ത് കൂട്ടക്കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ മുതൽ തുടങ്ങിയ കൊലപാതക പരമ്പരയാണ് തലസ്ഥാനത്ത് അരങ്ങേറിയതെന്ന് പോലീസ് പറഞ്ഞു. കൊലപ്പെടുത്തുന്നതിന് മുമ്പ് 14കാരനായ സഹോദരൻ അഹസാന് ഇഷ്ട ഭക്ഷണം വാങ്ങി നൽകിയതായി നാട്ടുകാർ പറയുന്നു. അനിയനെയും കൂട്ടി വെഞ്ഞാറമൂട്ടിലെ ഹോട്ടലിലെത്തി കുഴിമന്തി വാങ്ങിക്കൊടുത്തുവെന്നാണ് നാട്ടുകാർ പറയുന്നത്. അതിന് ശേഷമാണ് കൊടും കൊലപാതകം നടപ്പിലാക്കിയത്.
പ്രതിയുടെ അനുജനെയും പിതാവിന്‍റെ മാതാവിനെയും പെണ്‍സുഹൃത്തിനെയും ബന്ധുക്കളെയുമടക്കം അഞ്ചുപേരെയാണ് 23കാരനായ അഫാൻ കൊലപ്പെടുത്തിയത്. ചുറ്റികകൊണ്ട് അടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി.
വിദേശത്തെ സ്പെയർപാർട്സ് കട പൊളിഞ്ഞ വലിയ സാമ്പത്തിക ബാദ്ധ്യതയാണ് കൂട്ടക്കുരുതിക്ക് കാരണമായി പ്രതി പറയുന്നത്. നാട്ടിലടക്കം പലരിൽ നിന്നും വൻ തുക കടം വാങ്ങിയിട്ടുണ്ടെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. കടബാദ്ധ്യത കാരണം ജീവിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും പ്രതി പറഞ്ഞു. പിതാവിൻ്റെ കൂടെ വിദേശത്തായിരുന്നു പ്രതി. വിസിറ്റിംഗ് വിസയിൽ വിദേശത്ത് പോയി തിരിച്ചു വന്നതാണ്.
ഉമ്മ ഷമീന കാൻസർ രോഗത്തിന് ചികിത്സയിലാണ്. വെഞ്ഞാറമൂട് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട അനുജൻ അഹസാൻ. റിട്ടയേർഡ് സി ആർ പി എഫ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ലത്തീഫ്. മാതാവ് ഒഴികെ മറ്റുള്ളവരുടെയെല്ലാം മരണം സ്ഥിരീകരിച്ചിട്ടുണ്ട്.