ചെന്നൈ: തമിഴ്നാടിലെ ഡിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം. തിരുച്ചിറപ്പള്ളി റോഡിലുള്ള സ്വകാര്യ ആശുപത്രിയിലാണ് അപകടമുണ്ടായത്. തീപ്പിടുത്തത്തിൽ ഏഴു പേര്‍ മരിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. മരിച്ച ഏഴു പേരിൽ മൂന്ന് സ്ത്രീകളും മൂന്നു വയസുള്ള ആണ്‍കുട്ടിയും ഉണ്ട്. അപകടത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റവരെ ചികിത്സക്കായി വിവിധ ആശുപത്രികളിലേക്ക് മാറ്റി. മൂന്നുപേരുടെ നില ഗുരുതരമാണ്.
മരിച്ച ഏഴു പേരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞു. തേനി സ്വദേശി സുരുളി (50), ഇദ്ദേഹത്തിന്‍റെ ഭാര്യ സുബ്ബലക്ഷ്മി (45), മാരിയമ്മാൾ (50) , മാരിയമ്മാളിന്‍റെ മകൻ മണി മുരുഗൻ (28), രാജശേഖർ (35) എന്നിവരാണ് മരിച്ച അഞ്ചുപേര്‍. മൂന്നു വയസുകാരനടക്കം മറ്റു മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല.
അപകട വിവരമറിഞ്ഞ് മന്ത്രി ഐ പെരിയസാമി, ജില്ലാ കലക്ടർ തുടങ്ങി മറ്റ് ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തെത്തി. ലിഫ്റ്റിൽ കുടുങ്ങിപ്പോയ രോഗികളെ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പുറത്തെത്തിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. സംഭവ സ്ഥലത്ത് ഫയര്‍ഫോഴ്സും 50 -ഓളം ആംബുലന്‍സുകളും പ്രവർത്തന സജ്ജമാണ്.
100ലധികം രോഗികള്‍ക്ക് കിടത്തി ചികിത്സക്ക് സൗകര്യമുള്ള ആശുപത്രിയിലാണ് തീപ്പിടുത്തമുണ്ടായതെന്ന് ആധി വർദ്ധിപ്പിക്കുന്നു.
തീപ്പിടുത്ത സമയത്തും നിരവധി പേർ ആശുപത്രിയിലുണ്ടായിരുന്നു. രോഗികളെ മുഴുവൻ രാത്രി 11.30ഓടെ പുറത്തെത്തിച്ച് മറ്റ് ആശുപത്രികളിലേക്ക് മാറ്റി.
നാലു നിലകളിലുള്ള ആശുപത്രിയിലെ താഴത്തെ നിലയിലാണ് ആദ്യം തീ പിടിച്ചത്. താഴത്തെ നിലയിൽ നിന്ന് തീയും പുകയും മുകളിലേക്ക് പടരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപടരാനുണ്ടായ കാരണമെന്നാണ് പ്രാഥമിക നിഗമനം.