തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ലോകത്തിലെ വമ്പൻ കപ്പൽ കമ്പനികൾ കേരളതീരം തേടി എത്തിത്തുടങ്ങുകയാണ്. ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കോർപ്പറേഷനാണ് ഇപ്പോൾ വിഴിഞ്ഞത്ത് ആസ്ഥാനമൊരുക്കാൻ തയ്യാറെടുക്കുന്നത്.
ഇതിൻ്റെ തുടക്കമെന്നോണം വ്യാഴാഴ്ച എം.എസ്.സി. പ്രതിനിധികൾ വിഴിഞ്ഞം തുറമുഖം സന്ദർശിച്ചു. തുറമുഖത്തിൻ്റെ സൗകര്യങ്ങളിൽ തൃപ്തി അറിയിച്ച അവർ തങ്ങളുടെ സർവ്വീസ് ആരംഭിക്കാൻ അനുമതിക്കായുള്ള രേഖകളും സമർപ്പിച്ചു.
വമ്പൻ മദർഷിപ്പുകൾക്ക് എളുപ്പത്തിൽ തീരത്ത് അടുപ്പിക്കാമെന്ന സൗകര്യം മുൻനിർത്തി ട്രാൻസ്ഷിപ്മെന്റ് പ്രവർത്തനങ്ങൾക്കുള്ള വിഴിഞ്ഞത്തിന്റെ സാദ്ധ്യതകൾ ലോകത്തിന് പരിചയപ്പെടുത്തുകയാണ് ട്രയൽ റണ്ണിലൂടെ തുറമുഖ അധികൃതർ ലക്ഷ്യമിട്ടത്. പ്രവർത്തനം സജ്ജമാകുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ കപ്പൽ കമ്പനികളുമായി അദാനി ഗ്രൂപ്പ് ചർച്ചകളും നടത്തുന്നുണ്ട്.
സെപ്റ്റംബർ വരെ ട്രയൽ റൺ തുടരും. ഇതിൻ്റെ ഭാഗമായി ഇനിയും കൂടുതൽ കപ്പലുകൾ എത്തും. എം.എസ്.സി.യുടെ കപ്പലും ഇക്കാലയളവിൽ വിഴിഞ്ഞത്ത് എത്തുമെന്ന് സൂചനയുണ്ട്. നിലവിൽ കൊളംബോ തുറമുഖത്ത് വമ്പൻ മദർഷിപ്പുകൾക്ക് ചരക്കിറക്കാൻ ദിവസങ്ങളോളം കാത്തുകിടക്കേണ്ട സാഹചര്യമുണ്ടെന്നുള്ളതും വിഴിഞ്ഞത്തേക്ക് കപ്പൽ കമ്പനികളെ ആകർഷകമാക്കുന്നു.
വിഴിഞ്ഞം വഴിയുള്ള ചരക്കുനീക്കം സമയവും ചെലവും കുറയ്ക്കുമെന്ന് ഇപ്പോഴെ ചർച്ചയായി കഴിഞ്ഞു. നിലവിൽ ട്രാൻസ്ഷിപ്മെന്റ് അനുമതി മാത്രമാണ് വിഴിഞ്ഞം തുറമുഖത്തിന് ലഭിച്ചിട്ടുള്ളത്. കര വഴിയുള്ള ചരക്കുനീക്കത്തിനുള്ള അനുമതിയും ഉടൻ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.