തിരുവനന്തപുരം∙ മനോദൗർബല്യമുള്ള, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചികിത്സക്കിടയിൽ ലൈംഗികമായി പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റിന് 44 വർഷം കഠിന തടവും 8.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം പോക്‌സോ കോടതി. നെയ്യാറ്റിൻകര സ്വദേശി ഷിനോജിന് (36) ആണ് ജഡ്ജി എം.പി. ഷിബു ശിക്ഷ വിധിച്ചത്.
2019 ൽ ആണ് കേസിന് ആസ്പദമായ സംഭവം. 74 ശതമാനം മനോദൗർബല്യമുള്ള കുട്ടിയെ പതിനാറു വയസ്സുള്ളപ്പോൾ രക്ഷകർത്താക്കൾ തിരുവനന്തപുരത്തെ ഒരു പ്രമുഖ ആശുപത്രിയിൽ ഫിസിയോതെറാപ്പിക്കു കൊണ്ടുപോയിരുന്നു. പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാൻ സാധിക്കാത്ത നിലയിലായിരുന്നു കുട്ടി. അന്ന് അവിടെ ജോലി ചെയ്തിരുന്ന ഷിനോജ് കുട്ടിയുടെ വീട്ടിലെത്തി ചികിൽസിക്കാൻ തയാറാണെന്ന് അറിയിച്ചു. പിന്നീട് കുട്ടിയുടെ വീട്ടിലെത്തി ചികിത്സയെന്ന വ്യാജേന ലൈംഗിക പീഡനത്തിന് ഇരയാക്കി.
കുട്ടിയുടെ സ്വഭാവമാറ്റത്തിൽ സംശയം തോന്നിയ രക്ഷകർത്താക്കൾ കൗൺസിലിങ്ങിന് എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി. അനിൽകുമാർ അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത്ത് പ്രസാദ്, അഭിഭാഷക വി.സി. ബിന്ദു എന്നിവർ ഹാജരായി.