തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിനു കേന്ദ്രസര്‍ക്കാരിന്റെ 817.80 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) സ്വീകരിക്കുന്നതിനുള്ള കരാര്‍ ബുധനാഴ്ച ഒപ്പിടുമെന്ന് തുറമുഖവകുപ്പ് മന്ത്രി വി.എന്‍.വാസവന്‍. രണ്ടു കരാറുകളാണ് ഒപ്പിടുന്നത്. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കണ്‍സോര്‍ഷ്യവുമായുള്ള ത്രികക്ഷി കരാറാണ് ആദ്യത്തേത്. തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറിൽ തുറമുഖ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും ഒപ്പിടും.
മാസ്‌കറ്റ് ഹോട്ടലില്‍ ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക കാര്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. വിജിഎഫ് ആയി 817.80 കോടി രൂപ തരുന്നതിനു പകരം, തുറമുഖത്തുനിന്നു സംസ്ഥാനത്തിനുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കുവയ്ക്കണമെന്ന വ്യവസ്ഥ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. വിജിഎഫ് നടപടികൾ കൂടി പൂർത്തിയാകുന്നതോടെ വിഴിഞ്ഞം പോർട്ടിന്റെ ആദ്യഘട്ടത്തിലെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു.
തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും (രണ്ടും, മൂന്നും, നാലും ഘട്ടങ്ങള്‍ ഉള്‍പ്പെടെ) 2028 ഡിസംബറിനുള്ളിൽ പൂര്‍ത്തീകരിക്കുമെന്ന് അദാനി വിഴിഞ്ഞം പോർട്ട് കമ്പനി സമ്മതിച്ചിട്ടുണ്ട്. അതനുസരിച്ച് തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം ടിയുഇ ആയിരിക്കും. തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 10,000 കോടി രൂപയുടെ ചെലവാണ് കണക്കാക്കിയിരിക്കുന്നത്. ഈ തുക പൂര്‍ണമായും അദാനി പോർട്ട്സ് ആയിരിക്കും വഹിക്കുക. അടുത്ത നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ നിക്ഷേപം നടത്തുമ്പോള്‍ നിര്‍മ്മാണ സാമഗ്രികൾക്കുമേല്‍ ലഭിക്കുന്ന ജി.എസ്.ടി റോയല്‍റ്റി, മറ്റു നികുതികള്‍ എല്ലാം ചേര്‍ത്തു നികുതി ഇനത്തില്‍ തന്നെ സര്‍ക്കാരിന് ഒരു വലിയ തുക ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.