കൊച്ചി : കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ അഡീഷണൽ ജില്ലാ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തു. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെതാണ് നടപടി. കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജി എം സുഹൈബിനെതിരെയാണ് നടപടി.
ജഡ്ജിയുടെ ചേംബറിൽ വെച്ച് സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് നടപടിക്ക് കാരണമായ പരാതി. സംഭവത്തിൽ നേരത്തെ അഡീഷണൽ ജില്ലാ ജഡ്ഡിയെ വടകരയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതുകൂടാതെയാണ് സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.
ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ അദ്ധ്യക്ഷതയിൽ അടിയന്തരമായി ബുധനാഴ്ച ചേർന്ന ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് അഡീഷണൽ ജില്ലാ ജഡ്ജിയെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
ഈ സംഭവം ജുഡീഷ്യറിയുടെ സൽപേരിന് കളങ്കമാണെന്ന് യോഗം വിലയിരുത്തി. പക്ഷേ ജീവനക്കാരി ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ല. സംഭവത്തിൽ കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.