മലപ്പുറം : മുംബൈയിൽ കണ്ടെത്തിയ താനൂരിലെ പെണ്‍കുട്ടികളെ നാട്ടിലെത്തിച്ച് സി.ഡബ്ല്യു.സി കെയര്‍ ഹോമിലേക്ക് മാറ്റി. വിശദമായ കൗണ്‍സിലിങ്ങിന് ശേഷമായിരിക്കും വീട്ടുകാരെ ഏൽപ്പിക്കുകയെന്ന് പോലീസ് അറിയിച്ചു. ഇന്നലെ ഉച്ചയോടെ നാട്ടിലെത്തിച്ച കുട്ടികളുടെ മൊഴി പോലീസും cwc-യും രേഖപ്പെടുത്തിയിരുന്നു.
താനൂർ എസ്.ഐ. സുജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഗരീബ്‌രഥ് എക്സ്‌പ്രസ് ട്രെയിനിലാണ് പെൺകുട്ടികളുമായി തിരൂരിലെത്തിച്ചത്. തിരൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കുശേഷം വൈകീട്ട് തവനൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കി.
കുട്ടികളെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് കോഴിക്കോട് നിന്ന് ട്രെയിനിൽ പൻവേലിൽ എത്തിച്ച എടവണ്ണ സ്വദേശിയായ ആലുങ്ങൽ അക്ബർ റഹീമിനെ (26) ശനിയാഴ്ച രാവിലെ തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് താനൂർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.