കൊച്ചി: സിപിഎം നേതാവ് എംഎം ലോറൻസിൻ്റെ പൊതുദർശന ചടങ്ങിലെ തർക്കം ദുഃഖമുണ്ടാക്കിയെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി മോഹനൻ. രാഷ്ട്രീയ ലക്ഷ്യത്തോടെയാണോ പ്രശ്നം ഉണ്ടായതെന്ന് അറിയില്ല. കുടുംബം പറഞ്ഞത് പ്രകാരമാണ് ചടങ്ങുകൾ നടന്നത്. കുടുംബമാണ് മൃതദേഹം കൈമാറിയതെന്നും സിഎൻ മോഹനൻ പറഞ്ഞു. ലോറൻസിൻ്റെ മരണം വിവാദമാക്കാൻ പാർട്ടി ഉദ്ദേശിക്കുന്നില്ല. ഉന്തും തള്ളും ഉണ്ടായിട്ടില്ല. കുടുംബങ്ങൾ തമ്മിലാണ് സംസാരം ഉണ്ടായത്. മുദ്രാവാക്യം വിളിക്കുന്നത് പാർട്ടി ചെയ്യാറുള്ളതാണെന്നും സിഎൻ മോഹനൻ പറഞ്ഞു.
ലോറൻസിൻ്റെ മൃതദേഹം പൊതുദർശനത്തിന് വെച്ച ടൗൺഹാളിൽ നാടകീയ രംഗങ്ങൾക്ക് കൂടി വേദിയായിരുന്നു. മൃതേേഹം പഠനാവശ്യത്തിന് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് നാടകീയ രംഗങ്ങൾക്ക് വഴി വെച്ചത്. ലോറൻസിന്റ മകൾ ആശ മൃതദേഹത്തിനരികിൽ നിന്നതോടെ മൃതദേഹം പുറത്തേക്കെടുക്കാൻ കഴിഞ്ഞില്ല. ഈ സമയം വനിതാ പ്രവർത്തകർ മുദ്രാവാക്യം വിളി തുടർന്നു. മകളും വനിതാ പ്രവർത്തകരും തമ്മിൽ ചെറിയ രീതിയിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ, മകളുടെ മകനും രംഗത്തെത്തിയതോടെ വളണ്ടിയർമാരുമായി ഉന്തും തള്ളുമായി. മൃതദേഹം പുറത്തേക്കെടുക്കാൻ ഇരുവരും തടസ്സം നിന്നു. തുടർന്ന് മകളേയും മകനേയും ബലം പ്രയോഗിച്ച് മാറ്റിയതോടെയാണ് മൃതദേഹം പുറത്തേക്കെടുത്തത്. ബന്ധുക്കളെത്തിയാണ് ഇരുവരേയും മാറ്റിയത്.
എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ നല്‍കിയ ഹര്‍ജിയില്‍ വിധി വരുന്നത് വരെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. അതനുസരിച്ച് മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും മൃതദേഹം ആശുപത്രിക്ക് കൈമാറാൻ ലോറൻസ് പറഞ്ഞിരുന്നില്ലെന്നുമാണ് മകൾ ആശയുടെ ഹർജിയില്‍ പറയുന്നത്. അച്ഛന് അങ്ങനെയൊരു ആഗ്രഹം ഉള്ളതായി തനിക്കറിയില്ല. അമ്മ ഉണ്ടായിരുന്നെങ്കിൽ ഇത് സമ്മതിക്കില്ലായിരുന്നു. അച്ഛനെ പള്ളിയിൽ അടക്കണമെന്നും ആശ ആവശ്യപ്പെട്ടു. എന്നാല്‍, മൃതദേഹം മെഡിക്കൽ കോളേജിനെതിരെ കൈമാറണമെന്നത് അച്ഛൻ്റെ ആഗ്രഹമായിരുന്നുവെന്ന് എംഎം ലോറൻസിൻ്റെ മകൻ എംഎൽ സജീവൻ പറഞ്ഞു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ചയായിരുന്നു ലോറൻസിൻ്റെ അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.