ചെങ്ങന്നൂർ : നഷ്ടപ്പെട്ട് കിട്ടിയ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ച ചെങ്ങന്നൂർ വനിതാ ബിജെപി ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റിൽ. ഉടമയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന്പണം നഷ്ടപ്പെതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണം ചെന്നെത്തി നിന്നത് പഞ്ചായത്ത് അംഗത്തിലാണ്.
പഞ്ചായത്ത് അംഗത്തിന് ഡെബിറ്റ് കാർഡ് അവരുടെ സുഹൃത്ത് നൽകിയതായും ഇരുവരും ചേർന്ന് കാർഡ് ഉടമയുടെ അക്കൗണ്ടിൽ നിന്ന് ഏകദേശം 25,000 രൂപ പിൻവലിച്ചതായും പോലീസ് പറഞ്ഞു. തിങ്കളാഴ്ച ഇരുവരെയും അറസ്റ്റ് ചെയ്തു, എന്നാൽ പരാതിക്കാരനുമായി ഒത്തുതീർപ്പിലെത്തിയതോടെ ഇരുവർക്കും ജാമ്യം ലഭിച്ചതായി ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
കാർഡ് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് മാർച്ച് 12 ന് ആണ് പരാതി ലഭിക്കുന്നത്. പിന്നാലെ പണം പിൻവലിക്കലിൻ്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞതായും ഉദ്യോഗസ്ഥൻ പറഞ്ഞു. സാധാരണ മോഷണം, ദുരുപയോഗം എന്നീ കുറ്റങ്ങൾക്ക് ഇരുവർക്കുമെതിരെ ബിഎൻഎസിന്റെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പിൻവലിച്ച തുകയും ഡബിറ്റ്കാർഡും പഞ്ചായത്തംഗത്തിൽ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.