മുംബൈ: ബോളിവുഡ് യുവനടിമാരില്‍ പ്രധാനിയാണ് ജാന്‍വി കപൂര്‍. മലയാളികൾക്ക് ജാൻവിയെ പരിചയപ്പെടുത്താൻ ഒന്നുകൂടി എളുപ്പം ശ്രീദേവിയുടെ മകൾ എന്നു പറയുന്നതായിരിക്കും. ഒരു കാലത്ത് കമലാഹാസൻ – ശ്രീദേവി കൂട്ടുകെട്ടിൽ പിറന്ന മലയാളം – തമിഴ് സിനിമകളൊന്നും അത്ര പെട്ടെന്ന് മലയാളി മറക്കാനിടയില്ല. പിന്നീട് ഹിന്ദി സിനിമാ ലോകത്തേക്ക് ചേക്കേറിയ ശ്രീദേവി, ബോളിവുഡിൻ്റെ പ്രിയങ്കരിയാവുകയും നിര്‍മ്മാതാവ് ബോണി കപൂറിനെ വിവാഹം കഴിച്ച്, മലയാളിയുടെ ഭാഷയിൽ പറഞ്ഞാൽ കുടുംബസ്ഥയാവുകയായിരുന്നു.
ശ്രീദേവിയുടേയും നിര്‍മ്മാതാവ് ബോണി കപൂറിന്റേയും മകളായ ജാന്‍വി കപൂറും അമ്മയുടെ പാതയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തുകയായിരുന്നു. എന്നാല്‍ മകളുടെ അരങ്ങേറ്റം കാണാന്‍ ശ്രീദേവിയ്ക്ക് സാധിച്ചില്ല. ബാത്ത് ടബ്ബില്‍ വീണാണ് ശ്രീദേവി മരണപ്പെടുന്നത്. ഇതിന് ശേഷമായിരുന്നു ജാന്‍വിയുടെ സിനിമാ പ്രവേശനം.
അമ്മ ശ്രീദേവിയെക്കുറിച്ച് പറയുമ്പോൾ ജാൻവിക്കെപ്പോഴും നൂറ് നാവാണ്. ഈയ്യിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ അമ്മയോടൊപ്പമുള്ള തങ്ങളുടെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ ജാന്‍വി പങ്കുവെച്ചത്. താനും സഹോദരി ഖുഷിയും മുതിര്‍ന്നുവെന്ന കാര്യം അംഗീകരിക്കാന്‍ ഒരിക്കലും അമ്മക്ക് മനസ്സുവന്നിരുന്നില്ല എന്ന് ജാന്‍വി ഓർത്തെടുക്കുന്നു.
“എല്ലാം ഞങ്ങൾക്ക് വേണ്ടി അമ്മയാണ് ചെയ്തുകൊണ്ടിരുന്നത്. കുറേക്കാലം തന്റെ പെണ്‍കുട്ടികള്‍ വളര്‍ന്നുവെന്ന് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല അമ്മ. അവള്‍ കൊച്ചുകുട്ടിയാണ്, അവള്‍ അടിവസ്ത്രമൊന്നും സ്വന്തമായി വാങ്ങാറായിട്ടില്ല എന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്. പക്ഷെ എനിക്ക് ഇഷ്ടമുള്ളത് വേണമെന്ന ഞാന്‍ വാശിപിടിക്കും.”
“ഞാന്‍ ഉണ്ടായപ്പോള്‍ അമ്മ കരിയര്‍ ഉപേക്ഷിച്ചിരുന്നു. കുറേക്കാലം ജോലി ചെയ്തു ഇനി ഇല്ലെന്നാണ് പറഞ്ഞിരുന്നത്. മക്കള്‍ വളര്‍ന്നു, നീ ജോലിയില്‍ സന്തോഷം കണ്ടെത്തണം, അവരെ ഞാന്‍ നോക്കിക്കോളാം എന്ന് അച്ഛന്‍ പറഞ്ഞതാണ്. സ്‌കൂളിലെ കാര്യങ്ങളും വെക്കേഷനുമൊക്കെ ഞാന്‍ നോക്കാം. നിനക്ക് സിനിമ ചെയ്യണമെങ്കില്‍ സിനിചെയ്‌തോളൂവെന്നും അദ്ദേഹം പറഞ്ഞു. അമ്മ വളരെയധികം കണ്‍സര്‍വേറ്റീവായിരുന്നു. അതിനാല്‍ അച്ഛനും അങ്ങനെ നടിച്ചു.” അമ്മയുടെ കരിയറിന്റെ കാര്യത്തില്‍ അച്ഛന്‍ ബോണി കപൂര്‍ നല്ല പിന്തുണ നല്‍കിയിരുന്നുവെന്ന കാര്യം ജാന്‍വി പങ്കുവെച്ചു.
”അമ്മയുടെ കരുത്ത് എപ്പോഴും അച്ഛനായിരുന്നു. ” താരം പറഞ്ഞു. ”നിനക്ക് സന്തോഷം ലഭിക്കുമെങ്കിൽ ആത്മവിശ്വാസം ഉണ്ടെങ്കില്‍ ഇഷ്ടമുള്ളത് ധരിക്കൂവെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. അങ്ങനെയാണ് എന്നേയും വളര്‍ത്തിയത്. നിനക്ക് വേണമെങ്കില്‍ ചെയ്യൂ, നിനക്ക് ഇഷ്ടമുള്ളത് ധരിക്കൂ. നിനക്ക് ഇഷ്ടമുള്ളത് സംസാരിക്കൂ. എന്നെപ്പറ്റി ചിന്തിക്കണ്ട. സുഹൃത്തുക്കളെയുണ്ടാക്കൂ. യാത്രകള്‍ പോകൂ. അദ്ദേഹം നല്ല പ്രോത്സാഹനമായിരുന്നു. അതിനാല്‍ ചില പ്രൊഫഷണല്‍ സാഹചര്യങ്ങളില്‍ എനിക്ക് റീകാലിബ്രേറ്റ് ചെയ്യേണ്ടി വരും. കാരണം എല്ലാവരും എന്റെ പപ്പയെ പോലെയല്ല.” ജാന്‍വി മനസ്സ് തുറന്നു.
‘മിസ്റ്റര്‍ ആന്റ് മിസിസ് മാഹി’യാണ് ജാന്‍വി കപൂറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. രാജ്കുമാര്‍ റാവുവാണ് സിനിമയിലെ നായകന്‍. ചിത്രം നെറ്റ്ഫ്ളിക്സിൽ ഒടിടി റിലീസായി. മികച്ച പ്രതികരണം നേടിയ സിനിമയാണ് മിസ്റ്റർ ആന്റ് മിസിസ് മാഹി.
ജാന്‍വിയുടെ പുതിയ സിനിമ ഉലജ് റിലീസിന് ഒരുങ്ങുകയാണ്. മലയാളി താരം റോഷന്‍ മാത്യു, ഗുല്‍ഷന്‍ ദേവയ്യ തുടങ്ങിയവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.