തിരുവനന്തപുരം : എഡിജിപി എം ആർ അജിത്കുമാറിനെ എക്‌സൈസ് കമ്മീഷണറാക്കിയ തീരുമാനം പിൻവലിച്ച് സർക്കാർ. പകരം, മഹിപാൽ യാദവ് തന്നെ എക്സൈസ് കമ്മീഷണറായി തിരിച്ചെത്തും. ഒരാഴ്ച മുൻപ് നടന്ന അഴിച്ചു പണിയിൽ മഹിപാൽ യാദവിനെ ക്രൈം ബ്രാഞ്ചിലേയ്ക്ക് മാറ്റിയിരുന്നു. എം ആർ അജിത് കുമാറിന് ആംഡ് പോലീസ് ബറ്റാലിയൻ ചുമതല നൽകി. പോലീസ് അക്കാദമി ഡയറക്ടറാക്കിയ ബൽറാം കുമാർ ഉപാധ്യായയും തിരികെ ജയിൽ മേധാവിയായി ചുമതലയേൽക്കും.
കെ സേതുരാമനാണ് പുതിയ പോലീസ് അക്കാദമി ഡയറക്ടർ. പി പ്രകാശ് ക്രൈം റെക്കോർഡ്സ് ബ്യുറോ ഐജിയും , എ അക്ബർ കോസ്റ്റൽ പോലീസ് ഐജിയുമാകും. നിലവിൽ പോലീസ് ആസ്ഥാനത്തെ എഡിജിപിയായ എസ് ശ്രീജിത് ഐപിഎസിന് സൈബർ ഓപ്പറേഷൻസിന്റെ അധിക ചുമതല നൽകി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്.വെങ്കിടേഷ് ക്രൈം ബ്രാഞ്ചിന്റെ അധിക ചുമതലയും വഹിക്കും. സ്ഥലം മാറ്റപ്പെട്ടവർ പരാതി അറിയിച്ചതോടെയാണ് അസാധാരണ തിരുത്തലെന്നാണ് സർക്കാർ വിശദീകരണം.