തിരുവനന്തപുരം: സർക്കാരിന്റെ സിനിമാ നയരൂപീകരണ സമിതിയിൽനിന്ന് മുകേഷ് രാജി വെയ്ക്കും. തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് അറിയുന്നത്.
ഒരു വർഷം മുമ്പാണ് സിനിമ നയരൂപീകരണ സമിതിയുണ്ടാക്കിയത്. അതിനാൽ, സർക്കാരിന് വീഴ്ചപറ്റിയെന്ന കുറ്റപ്പെടുത്തലുകളെ മുഖവിലയ്ക്കെടുക്കുകയോ വിശദീകരിക്കുകയോ വേണ്ടെന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്.
ആരോപണം നേരിടുന്നവർ രാഷ്ട്രീയമായി ഉന്നയിക്കുന്ന വാദങ്ങളെയും പാർട്ടി ഏറ്റെടുക്കേണ്ടെന്നും സി.പി.എമ്മിൽ ധാരണയുണ്ട്. സിനിമാ നയരൂപവത്കരണ സമിതിയിൽ മുകേഷിന് തുടരാൻ കഴിയാത്ത സ്ഥിതിയാണ്. അതിനാൽ, അദ്ദേഹത്തിന്റെ പിന്മാറ്റം ഉടനുണ്ടാകും. ഇല്ലെങ്കിൽ ഒഴിയാനുള്ള നിർദേശം സി.പി.എമ്മോ സർക്കാരോ നൽകാനാണ് സാധ്യത.
മുകേഷ് എം.എൽ.എ. സ്ഥാനം രാജിവെക്കേണ്ടെന്ന നിലപാട്ടിലാണ് സി.പി.എം. ഇപ്പോൾ. ആരോപണമുയരുമ്പോൾ എം.എൽ.എ.സ്ഥാനം രാജിവെക്കുന്ന രീതി ഒരു രാഷ്ട്രീയപ്പാർട്ടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. പക്ഷേ, മറ്റുപദവികളിൽ ആ സംരക്ഷണം വേണ്ടെന്നാണ് നേതാക്കളുടെ അഭിപ്രായം. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് വെള്ളിയാഴ്ച ചേരും. ഇതിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്നുള്ള സംഭവങ്ങൾ പാർട്ടി പരിശോധിക്കും.