ന്യൂഡൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തിൽ മേല്‍നോട്ടസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്ന് സുപ്രീം കോടതി. ഇരു സംസ്ഥാനങ്ങളും തുടർ നടപടികളൊന്നും സ്വീകരിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തിയ സുപ്രീംകോടതി സംസ്ഥാനങ്ങളുടെ നിഷ്ക്രിയത്വം ന്യായീകരിക്കത്തക്കതല്ലെന്നും വിമർശിച്ചു. കേരളവും തമിഴ്നാടും രണ്ടാഴ്ചയ്ക്കകം ഇതുമായി ബന്ധപ്പെട്ട നടപടികളിൽ തീരുമാനമെടുക്കണം. ഈ മാസം 19ന് കേസ് വീണ്ടും പരിഗണിക്കും.
സുപ്രീംകോടതി നിർദ്ദേശപ്രകാരമായിരുന്നു പുതിയ മേൽനോട്ട സമിതിയെ നിയോഗിച്ചിരുന്നത്. ദേശീയ ഡാം സുരക്ഷ അതോറിറ്റി ചെയർമാൻ അനിൽ ജയിൻ അദ്ധ്യക്ഷനായ പുതിയ ഏഴംഗസമിതിയാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്. ഇതനുസരിച്ച് സമിതിയുടെ ആദ്യത്തെ മുല്ലപ്പെരിയാർ അണക്കെട്ട് പരിശോധന പൂർത്തിയാക്കുകയും ചെയ്തിരുന്നു. കേരള,തമിഴ്നാട് സർക്കാർ പ്രതിനിധികളും, ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസ് ബാംഗളൂരിലെ ഗവേഷണ ഉദ്യോഗസ്ഥനും, ഡൽഹിയിലെ ദേശീയ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥനും ഏഴംഗസമിതിയിലെ അംഗങ്ങളാണ്. എന്നാൽ സമിതിയുടെ യോഗത്തിന് ശേഷവും നിർദ്ദേശങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ല..