(Photo Courtesty : PTI)
കൊൽക്കത്ത: ആർജി കാർ സർക്കാർ മെഡിക്കൽ കോളജിൽ കൊല്ലപ്പെട്ട വനിത ഡോക്ടർ കൂട്ട ബലാത്സംഗത്തിന് ഇരയായതായി മാതാപിതാക്കൾ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൽക്കട്ട ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് വനിതാ ഡോക്ടറുടെ മാതാപിതാക്കൾ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കേസന്വേഷണം സിബിഐ ഏറ്റെടുത്തിട്ടുണ്ട്.
ഹർജിയിലെ വിവരങ്ങൾ ഓരോന്നും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതതാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ കൂടി ബലത്തിലാണ് ഹർജി നൽകിയിട്ടുള്ളത്. അത് ഇങ്ങനെ – ”ക്രൂരമായി ബലാത്സംഗത്തിന് ഇരയായതിന്റെ തെളിവുകളെല്ലാം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. മകളുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലായി ക്രൂരമായി ആക്രമിക്കപ്പെട്ടതിന്റെ പാടുകളുണ്ട്. സ്വകാര്യഭാഗങ്ങളിൽ കടുത്ത രക്തസ്രാവം ഉണ്ടായി. രണ്ടു ചെവികളിലും മുറിപ്പാടുകളുണ്ട്. ബലപ്രയോഗത്തിനിടെ അവളെ നിശബ്ദയാക്കാൻ ശ്രമിച്ചതിന്റെ ഭാഗമാണ് ചുണ്ടുകളിലുണ്ടായ മുറിവുകൾ. കഴുത്തിലെ കടിയേറ്റ പാടുകൾ ആക്രമണത്തിന്റെ ഭീകരത കൂടുതൽ വ്യക്തമാക്കുന്നു.’’
150 മില്ലിഗ്രാം ബീജം ശരീരത്തിൽ കണ്ടെത്തിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നത് കൂട്ടബലാത്സംഗത്തെയാണ് സൂചിപ്പിക്കുന്നതെന്ന് മാതാപിതാക്കൾ ഹർജിയിൽ എടുത്തുപറയുന്നു. മകൾ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതാണ് എന്നതിന് വ്യക്തമായ തെളിവുകൾ നിലനിൽക്കുമ്പോഴും കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും ഹർജിയിൽ പറയുന്നു.
ആശുപത്രിയിലെ നെഞ്ചുരോഗ വിദഗ്ധനും കൊലപാതകത്തിൽ പങ്കുള്ളതായി കുടുംബം ആരോപിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് കൊൽക്കത്ത ആർ.ജി.കാർ സർക്കാർ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ വച്ച് പിജി ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കഴുത്തിന്റെ എല്ല് പൊട്ടിയ നിലയിലായിരുന്നു. ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നാണു പ്രാഥമിക റിപ്പോർട്ട്. നിലവിൽ പൊലീസ് സിവിക് വൊളന്റിയർ സഞ്ജയ് റോയി മാത്രമാണ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.