തലശ്ശേരി : മുൻ മന്ത്രിയും സിപിഎം നേതാവുമായ കെകെ ശൈലജയുടെ വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ മുസ്ലിം ലീഗ് നേതാവിന് ശിക്ഷ വിധിച്ച് കോടതി. യുഡിഎഫ് ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റി ചെയർമാനും വാർഡ് അംഗവുമായ ന്യൂ മാഹി പെരിങ്ങാടി പുള്ളിയുള്ളതിൽ പീടികയിലെ ടിഎച്ച് അസ്ലമിനാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 15000 രൂപ പിഴ വിധിച്ചത്.
മുസ്ലീങ്ങൾ വർഗീയവാദികൾ ആണെന്ന് ശൈലജ പറഞ്ഞെന്ന വ്യാജ വീഡിയോ ആണ് ഇയാൾ പ്രചരിപ്പിച്ചത്. 2024 ഏപ്രിൽ എട്ടിന് മങ്ങാട് സ്നേഹതീരം വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ വീഡിയോ ഇയാൾ പോസ്റ്റ് ചെയ്തിരുന്നു. ചാനൽ അഭിമുഖം എഡിറ്റ് ചെയ്ത വീഡിയോ ആണ് പോസ്റ്റ് ചെയ്തത്. തുടർന്ന് ചോക്ലി കവിയൂരിലെ വിവി അനീഷ് എന്നയാൾ നൽകിയ പരാതിയിൽ സാമുദായിക സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചത് അടക്കമുള്ള വകുപ്പുകൾ ചുമത്തി ന്യൂമോഹി പോലീസ് അസ്ലമിനെതിരെ കേസെടുത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി കെകെ ശൈലജ മത്സരിച്ചിരുന്നു. ഇതേ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ന്യൂ മാഹി പഞ്ചായത്തിൽ നേതൃത്വം നൽകിയത് അസ്ലമായിരുന്നു.